Asianet News MalayalamAsianet News Malayalam

അര്‍ബന്‍ ക്രൂസര്‍; ടൊയോട്ടയുടെ കുപ്പായമിട്ട മാരുതി ബ്രസ നിരത്തിലേക്ക്

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ റീബാഡ്‍ജ് ചെയ്‍ത് ടൊയോട്ട പുറത്തിറക്കുന്ന വാഹനം അര്‍ബന്‍ ക്രൂസര്‍ സെപ്റ്റംബറില്‍ വിപണിയില്‍ എത്തും

Toyota Urban Cruiser Launch Follow Up
Author
Mumbai, First Published Jul 30, 2020, 12:28 PM IST

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ റീബാഡ്‍ജ് ചെയ്‍ത് ടൊയോട്ട പുറത്തിറക്കുന്ന വാഹനം അര്‍ബന്‍ ക്രൂസര്‍ സെപ്റ്റംബറില്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഉത്സവ സീസൺ ലക്ഷ്യമാക്കി എത്തുന്ന വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് അടുത്ത മാസം മൂന്നാം വാരത്തോടെ ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടൊയോട്ട സുസുക്കി സംയുക്ത സംരംഭത്തില്‍നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ ക്രോസ് ബാ‍ഡ്‍ജ് ഉല്‍പ്പന്നം ആയിരിക്കും ഇത്. ആദ്യ മോഡല്‍ ഗ്ലാന്‍സ എന്ന പേരില്‍ എത്തിയ ബലേനോ ആയിരുന്നു. 

എന്നാല്‍ ടൊയോട്ട ഗ്ലാന്‍സയെ പോലെ വെറും റീ-ബാഡ്ജിങ്ങ് പതിപ്പ് മാത്രമായിരിക്കില്ല അര്‍ബണ്‍ ക്രൂസര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സോഫ്റ്റ് ബോഡി പാര്‍ട്‌സ്, ഗ്രില്ല് ഡിസൈന്‍ എന്നിവയില്‍ മാറ്റം വരുത്തും എന്നാണ് സൂചന. മാരുതി ബലേനൊയില്‍ കാര്യമായ മാറ്റം വരുത്താതെയാണ് ഗ്ലാന്‍സ എത്തിയത്. 

ബോഡി മെറ്റലിലും മാറ്റം വരുത്തുന്നില്ലെങ്കിലും റേഡിയേറ്റര്‍ ഗ്രില്ലിന് പുതിയ ഡിസൈന്‍ നല്‍കുന്നതിനൊപ്പം പുത്തന്‍ ഭാവത്തിലുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പറും, ഡിആര്‍എല്ലും ഫോഗ് ലാമ്പുമെല്ലാം ഈ വാഹനത്തിന്റെ മുന്‍വശത്തെ വേറിട്ടതാക്കും. ഹെഡ്ലാമ്പ് ക്ലെസ്റ്ററില്‍ കാര്യമായ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. 

1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനായിരിക്കും മാരുതി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103.5 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

അതേസമയം, അലോയി വീല്‍, റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍ തുടങ്ങിയവ ബ്രെസയിലേത് തന്നെ തുടര്‍ന്നേക്കും. ഇന്റീരിയറിലും നേരിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങും. ബ്രെസയിലെ ഫീച്ചറുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ കളര്‍ സ്‌കീമുകളും വ്യത്യസ്തമായ ഗ്രാഫിക്സുകളെ അകത്തളത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.  സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും വോയ്‌സ് കമാൻഡുകളും, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവറുടെ സീറ്റ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തില്‍ ഉണ്ടാകും.

മാരുതി സുസുകി വിറ്റാര ബ്രെസ കൂടാതെ ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ് യുവി 300, വരാനിരിക്കുന്ന കിയ സോണറ്റ് എന്നിവ വിപണിയില്‍ എതിരാളികളായി മല്‍സരിക്കും. 

Follow Us:
Download App:
  • android
  • ios