മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ പുതിയ അർബൻ ക്രൂയിസറിനെ 2020 ആദ്യമാണ് ടൊയോട്ട പുറത്തിറക്കിയത്. ഇപ്പോഴിതാ സാങ്കേതിക തകരാറു മൂലം അര്‍ബന്‍ ക്രൂസര്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍സൈഡ് എയര്‍ബാഗ് മൊഡ്യൂള്‍ അസംബ്ലിയിലെ തകരാറ് പരിശോധിക്കുന്നതിനാണ് തിരിച്ചുവിളിയെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ജൂലൈ 28 നും 2021 ഫെബ്രുവരി 11 നുമിടയില്‍ നിര്‍മിച്ച സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ 9,498 യൂണിറ്റുകളാണ് തിരികെ വിളിച്ചത്. ഈ വാഹനങ്ങളുടെ ഉടമകളെ അതാത് ഡീലര്‍ഷിപ്പുകള്‍ ബന്ധപ്പെടും. പരിശോധന നടത്തി സൗജന്യമായി പാര്‍ട്ട് മാറ്റിസ്ഥാപിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എല്ലാ വേരിയന്റുകള്‍ക്കും സ്റ്റാന്‍ഡേഡായി ഇരട്ട എയര്‍ബാഗുകള്‍ നല്‍കിയിരുന്നു.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്നും പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലായ ഈ വാഹനം സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ടൊയോട്ടയുടെ ആദ്യത്തെ വാഹനവുമാണ്.  പ്രീമിയം ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാന്‍സയുടെ വിജയത്തെത്തുടര്‍ന്ന് ടൊയോട്ട-സുസുക്കി സഖ്യത്തിന് കീഴില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍.

പുതിയ കരുത്തുറ്റ കെ-സീരീസ് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സഹിതമാണ് അര്‍ബന്‍ ക്രൂയിസര്‍ എത്തുന്നത്.  കൂടാതെ മാനുവല്‍ ട്രാന്‍സ്മിഷന്‍ (എംടി), ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (എടി) എന്നിവയില്‍ വാഹനം  ലഭ്യമാണ്. മികച്ച ഇന്ധനക്ഷമത വാഹനം ഉറപ്പ് നല്‍കുന്നു. പെട്രോള്‍ മോഡലിനു  17.03 കിലോമീറ്റര്‍, ഡീസല്‍ മോഡലിനു 18.76 കിലോ മീറ്റര്‍ എന്നിങ്ങനെയാണ് മൈലേജ് . ഇന്ന് ഉപയോക്താക്കള്‍ അവരുടെ കാറുകളില്‍ ആഗ്രഹിക്കുന്ന  എല്ലാ മുന്തിയ  സവിശേഷതകളും ഈ  കോംപാക്റ്റ് എസ്യുവി വാഗ്ദാനം ചെയ്യുന്നു.  ടൊയോട്ടയുടെ പ്രശസ്തമായ ആഗോള നിലവാരത്തിലുള്ള വില്‍പ്പന, വില്‍പ്പനാനന്തര സേവനവും ലഭ്യമാണ .

എല്ലായ്‌പ്പോഴും എന്നപോലെ, ടൊയോട്ടയ്ക്ക് സുരക്ഷയാണ് മുന്‍ഗണന. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, അഡ്വാന്‍സ്ഡ് ബോഡി സ്ട്രക്ചര്‍, ഇലക്ട്രോക്രോമിക് ഐആര്‍വിഎം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് നിയന്ത്രണ സംവിധാനം എന്നിവ വാഹനത്തില്‍ ഉണ്ട്. 8.4 ലക്ഷം മുതല്‍ 11.30 ലക്ഷം വരെയാണ് വാഹനത്തിന്റെ വില. ഡ്യൂവല്‍ ടോണ്‍ ഉള്ള എം ടി,  എ ടി ഓപ്ഷനുകള്‍ക്ക് 9.98 ലക്ഷം മുതല്‍ 11.55 ലക്ഷം വരെയാണ് വില.