Asianet News MalayalamAsianet News Malayalam

വാഹന വില കൂട്ടാന്‍ ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഒക്ടോബര്‍ ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.

Toyota Vehicle Price Hike
Author
Mumbai, First Published Sep 29, 2021, 4:09 PM IST

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട (Toyota) ഒക്ടോബര്‍ ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. നിര്‍മ്മാണ ചെലവ് ഉയര്‍ന്നതാണ് വിലവര്‍ധനവിനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ലക്ഷ്വറി കാറായ വെല്‍ഫയര്‍ ഒഴികെയുള്ള എല്ലാ കാറുകള്‍ക്കും വില കൂടും. രണ്ട് ശതമാനത്തിന്‍റെ വില വര്‍ധനവാണ് ടൊയോട്ടയുടെ വാഹനങ്ങളുടെ വിലയില്‍ ഉണ്ടാകുക. കഴിഞ്ഞ ഓഗസ്റ്റില്‍ ഏറ്റവും ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ വില ടൊയോട്ട വര്‍ധിപ്പിച്ചിരുന്നു.

ഉത്പാദന ചെലവ് വര്‍ധിച്ചത് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രധാന പാസഞ്ചര്‍ വാഹന നിര്‍മാതാക്കളെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം തവണയാണ് വില വര്‍ധിപ്പിച്ചത്.  രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഈ മാസം ആദ്യം തെരഞ്ഞെടുത്ത മോഡലുകളുടെ വില 1.6 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് മാരുതി കാറുകളുടെ വില വര്‍ധിക്കുന്നത്. ഒക്ടോബര്‍ മുതല്‍ കാറുകളുടെ വില രണ്ടു ശതമാനം വര്‍ധിപ്പിക്കുമെന്ന് നേരത്തെ ടാറ്റാ മോട്ടോര്‍സും അറിയിച്ചിരുന്നു. 

ആഗോള വാഹന വിപണിയെ ഒന്നാകെ ബാധിച്ച ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് മാരുതി സുസുക്കി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദനം കുറച്ചിരുന്നു. 
ടൊയോട്ട ഈ വർഷം 300,000 വാഹനങ്ങൾ കുറച്ചേ നിർമിക്കുകയുള്ളൂ എന്ന്​ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആഗോള ചിപ്പ് ക്ഷാമത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം. സെമികണ്ടക്​ടർ ക്ഷാമവും ചിപ്പ്​ നിർമാണ പ്രതിസന്ധിയുമാണ്​ കാരണം. കോവിഡ് കാരണം നിരവധി ഫാക്​ടറികളിൽ ജോലികൾ നിർത്തിവച്ചതും നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ആഗോള ഉൽപാദന ലക്ഷ്യം പുതുക്കാൻ ടൊയോട്ട കമ്പനിയെ നിർബന്ധിതരാക്കി. അടുത്ത വർഷം മാർച്ച് 31 വരെ ഒമ്പത്​ ദശലക്ഷം വാഹനങ്ങൾ നിർമിക്കാനാണ്​ ടൊയോട്ട ഇപ്പോൾ ലക്ഷ്യമിടുന്നത്​ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ഇന്നോവയുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് കമ്പനിക്ക് എന്നാണ് കണക്കുകള്‍. 2021 ഓഗസ്റ്റിൽ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ 5,755 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2020ല്‍ ഇതേ മാസം കമ്പനി വിറ്റഴിച്ച 2,943 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നോവ ക്രിസ്റ്റയുടെ വാർഷിക വിൽപ്പനയിൽ 96 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios