ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര എംപിവി വെല്‍ഫയര്‍ അടുത്ത വര്‍ഷം ആദ്യപാദത്തോടെ ഇന്ത്യയിലെത്തും.  കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡിന്റെ സ്‌പോര്‍ട്ടിയര്‍ വകഭേദമാണ് വെല്‍ഫെയര്‍. പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വാഹനത്തില്‍. 150 ബിഎച്ച്പി കരുത്തേകുന്ന 2.5 ലിറ്റര്‍ എന്‍ജിനൊപ്പം 143 ബിഎച്ച്പി കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറാണ് വെല്‍ഫയറിന്‍റെ ഹൃദയം. സിവിടിയാണ് ട്രാന്‍സ്‍മിഷന്‍. വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. 

രൂപത്തില്‍ അല്‍ഫാര്‍ഡിന് സമാനമാണ് വെല്‍ഫയര്‍. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ എന്നിവ വെല്‍ഫയറിനെ അല്‍ഫാര്‍ഡില്‍ നിന്ന് വ്യത്യസ്തനാക്കും. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍ എന്നിവയും ഗ്ലോബല്‍ സ്‌പെക്ക് വെല്‍ഫയറിലുണ്ട്. 

പൂര്‍ണമായി നിര്‍മിച്ച്‌ ഇറക്കുമതി വഴിയാണ് വെല്‍ഫെയര്‍ ഇന്ത്യയിലെത്തുക. മെഴ്‌സിഡിസ് ബെന്‍സ് വി ക്ലാസാണ് വെല്‍ഫയറിന്റെ മുഖ്യ എതിരാളി. ഇന്ത്യന്‍ സ്‌പെക്ക്‌ വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേഴ്‌സ് ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി പുറത്തുവിടുകയുള്ളു. ഇറക്കുമതി ചെയ്‍ത വാഹനങ്ങളുടെ പ്രാദേശിക സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തി ഇന്ത്യയിലെത്തുന്ന വാഹനത്തിന് ഏകദേശം 80 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.