Asianet News MalayalamAsianet News Malayalam

ബലേനോക്ക് പിന്നാലെ ബ്രെസയും എര്‍ട്ടിഗയും ടൊയോട്ടയുടെ കുപ്പായമിടുന്നു!

മാരുതിയുടെ രണ്ട് കിടിലന്‍ മോഡലുകള്‍ കൂടി ടൊയോട്ടയുടെ വേഷത്തിലേത്തുകയാണ്. മാരുതിയുടെ ജനപ്രിയ മോഡലുകളായ വിറ്റാര ബ്രെസയും എര്‍ട്ടിഗയുമാണ് ഇനി ടൊയോട്ട പേരിലെത്തുക. 

Toyota Version of Vitara Brezza And Ertiga Launching This Year
Author
Mumbai, First Published Feb 17, 2020, 4:28 PM IST

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. ഇപ്പോഴിതാ ടൊയോട്ട കിർലോസ്‍കർ മോട്ടോറി(ടികെഎം)ന്റെ ഉൽപന്ന ശ്രേണിയിലെ ഏറ്റുവമധികം വിൽപനയുള്ള കാറായി മാറിയിരിക്കുകയാണ് ഗ്ലാൻസ.  ഇപ്പോഴിതാ മാരുതിയുടെ രണ്ട് കിടിലന്‍ മോഡലുകള്‍ കൂടി ടൊയോട്ടയുടെ വേഷത്തിലേത്തുകയാണ്. മാരുതിയുടെ ജനപ്രിയ മോഡലുകളായ വിറ്റാര ബ്രെസയും എര്‍ട്ടിഗയുമാണ് ഇനി ടൊയോട്ട പേരിലെത്തുക. 

ടൊയോട്ട ബാഡ്‍ജിങ്ങിലുള്ള വിറ്റാര ബ്രെസ 2020 ഒക്ടോബറില്‍ നിരത്തുകളിലെത്തുമെന്നും എര്‍ട്ടിഗ എംപിവി 2021-ല്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓടെ മാരുതിയുടെ സെഡാന്‍ മോഡലായ സിയാസും ടൊയോട്ടയിലൂടെ പുറത്തിറങ്ങും. 

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ടൊയോട്ടയുടെ സാന്നിധ്യമില്ലാത്തതും, ഈ ശ്രേണിയിലുണ്ടായിട്ടുള്ള വലിയ വളര്‍ച്ചയുമാണ് ബ്രെസയുടെ ടൊയോട്ട പതിപ്പ് ഒരുങ്ങാനുള്ള പ്രധാനകാരണം. 2023-മുതല്‍ ഇരു കമ്പനികളുടെയും സഹകരണത്തോടെ എസ്‌യുവി, കോംപാക്ട് എസ്‌യുവി സെഗ്മെന്റുകളിലേക്ക് പുതിയ വാഹനങ്ങള്‍ നിര്‍മിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടൊയോട്ടയുടെ ലൈനപ്പിലെത്തുന്ന ബ്രെസയുടെ പേര് ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഗ്ലാൻസയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം ബ്രെസയുടെ പുതിയ പതിപ്പിനും ലഭിക്കുമെന്നാണ് ടൊയോട്ട പ്രതീക്ഷിക്കുന്നത്.

ടൊയോട്ടയുടെ പേരില്‍ ഇറങ്ങുന്നതിനേക്കാളുപരി ബ്രെസയുടെയും എര്‍ട്ടിഗയുടെയും ഡിസൈനിലും കാര്യമായ മാറ്റം ഇത്തവണ പ്രതീക്ഷിക്കാം. പുതിയ ഗ്രില്‍, പുതിയ ബംമ്പര്‍, നൂതന ഇന്റീരിയര്‍, പുതിയ ടെയില്‍ഗേറ്റ് ഡിസൈന്‍, പുതിയ വീല്‍ എന്നിങ്ങനെ നീളും മാറ്റങ്ങള്‍. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി മില്‍ഡ് ഹൈബ്രിഡിനൊപ്പം 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടാവുക.

സാങ്കേതികവിദ്യയും ഡിസൈനും ഉള്‍പ്പെടെയുള്ളവ പരസ്പരം പങ്കുവയ്ക്കുന്നതിനായി 2017-ലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയും സുസുക്കിയും തമ്മില്‍ സഹകരിക്കുന്നതിന് ധാരണയായത്. ഈ കരാറിലൂടെ ഇന്ത്യയില്‍ ശക്തമായ അടിത്തറയൊരുങ്ങുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. കരാറിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തിയ വാഹനമാണ് ടൊയോട്ട ഗ്ലാന്‍സ.

നാലു വകഭദേങ്ങളിലാണ് ഗ്ലാന്‍സ എത്തുന്നത്. ഇതില്‍ മാനുവൽ ട്രാൻസ്മിഷനുള്ള ജി എംടിക്കാണ് ആവശ്യക്കാരേറെയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഉയർന്ന വകഭേദമായ ഗ്ലാൻസ വിസിവിടി തേടിയും നിരവധി പേർ എത്തുന്നുണ്ട്. ഓട്ടമാറ്റിക് ട്രാൻസ്‍മിഷനുള്ള ഗ്ലാൻസ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളം നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേജസ്സ്, ദീപ്‍തം എന്നിങ്ങനെ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 100000 കിലോമീറ്റർ വാറന്റിയും ലഭിക്കും. ആകർഷകമായ ഫിനാൻസ് സ്കീമോടെ ഇത് 5 വർഷം അല്ലെങ്കിൽ 220000കിലോമീറ്റർ ആക്കി വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബിഎസ് 6ലുള്ള 1.2 ലിറ്റർ കെ12ബി പെട്രോൾ എൻജിനാണ് ഗ്ലാൻസയുടെ ഹൃദയം. ഇതിന് 83 ബിഎച്ച്പി പവറിൽ 113 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.

പരസ്‍പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുന്നത്. പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും.  

Follow Us:
Download App:
  • android
  • ios