ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങളൊരുക്കി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട. വാഹന ഉടമകളുമായി ആശയവിനിമയം നടത്തുന്നതിനായി വാട്‌സ്ആപ്പ് സേവനവും പുതുതായി വാഹനം വാങ്ങുന്നതിനും മെയിന്റനന്‍സിനുമായി ഇഎംഐ സംവിധാനവുമാണ് ടൊയോട്ടയുടെ വാഗ്‍ദാനം. 

വാഹനം വാങ്ങാനോ, മെയിന്റനന്‍സ് ചെയ്യാനൊ ആവശ്യമായ പണം മൂന്ന് മുതല്‍ ഒമ്പത് മാസം വരെയുള്ള തവണകളായി അടയ്ക്കാന്‍ ഈ പുത്തന്‍ ഇഎംഐ സംവിധാനത്തിലൂടെ സാധിക്കും. വളരെ കുറഞ്ഞ പലിശ നിരക്കും പ്രത്യേകം കേസുകളില്‍ നൂറ് ശതമാനം പ്രോസസിങ്ങ് ഫീസ് ഒഴിവാക്കി നല്‍കുകയും ചെയ്യും.

ഇതിനൊപ്പം ടൊയോട്ടയുടെ ഉപയോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി മുഴുവന്‍ സമയ വാട്‌സ്ആപ്പ് സേവനവും പുതുതായി ആരംഭിച്ചിട്ടുണ്ട്. 8367683676 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കുകയോ മെസേജ് അയയ്ക്കുകയോ ചെയ്‍താല്‍ ടൊയോട്ടയുടെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരം ഒരുക്കുമെന്നാണ് ടൊയോട്ട ഉറപ്പുനല്‍കുന്നത്.

ടൊയോട്ടയുടെ പുതിയ വാഹനം വാങ്ങുന്നതിനും നിലവിലുള്ള കാര്‍ വില്‍ക്കുന്നതിനും ഈ വാട്‌സ്ആപ്പ് സേവനം ഉപയോഗിക്കാം.  ഇതിനുപുറമെ, സര്‍വീസ് ബുക്കുചെയ്യുന്നതും കമ്പനിയുടെ ബ്രേക്ക് ഡൗണ്‍ സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതുമെല്ലാം ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.

എക്‌സ്റ്റെന്റഡ് വാറണ്ടി, സൗജന്യ സര്‍വീസ്, റോഡ് സൈഡ് അസിസ്റ്റന്‍സ്, പ്രീ-പെയ്ഡ് മെയിന്റനന്‍സ് തുടങ്ങിയ നിരവധി പാക്കേജുകള്‍ നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ രണ്ട് സംവിധാനങ്ങളും കമ്പനി മുന്നോട്ടുവയ്‍ക്കുന്നത്.