ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ യാരിസ് ക്രോസ് അനാവരണം ചെയ്തു. യൂറോപ്യന്‍ വിപണി ലക്ഷ്യമാക്കിയാണ് വാഹനത്തിന്‍റെ വരവ്.

ആഗോളതലത്തില്‍ ടൊയോട്ട സി എച്ച്ആര്‍ കോംപാക്റ്റ് എസ് യുവിയുടെ താഴെയായിരിക്കും പുതിയ മോഡലിന് സ്ഥാനം. 4,180 എംഎം നീളം വരുന്നതാണ് ടൊയോട്ട യാരിസ് ക്രോസ് എസ് യുവി. വീല്‍ബേസിന്റെ കാര്യത്തില്‍ പുതു തലമുറ യാരിസ് ഹാച്ച്ബാക്കുമായി വ്യത്യാസമില്ല. 2,560 മില്ലിമീറ്റര്‍ തന്നെ.

യൂറോപ്പില്‍ വില്‍ക്കുന്ന പുതു തലമുറ യാരിസ് ഹാച്ച്ബാക്ക് അടിസ്ഥാനമാക്കി നിര്‍മിച്ച ചെറിയ എസ് യുവിയാണ് യാരിസ് ക്രോസ്. ഹൈബ്രിഡ് പവര്‍ട്രെയ്ന്‍, ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവ നല്‍കിയിരിക്കുന്നു. ടൊയോട്ടയുടെ ഫ്രാന്‍സിലെ പ്ലാന്റിലായിരിക്കും യാരിസ് ക്രോസ് നിര്‍മിക്കുന്നത്. ആദ്യം യൂറോപ്പില്‍ വില്‍ക്കും. നിസാന്‍ ജ്യൂക്ക്, യൂറോ സ്‌പെക് റെനോ കാപ്ചര്‍ എന്നിവ എതിരാളികളായി വരും.

പരമ്പരാഗത ടൊയോട്ട എസ് യുവികളുടെ സ്‌റ്റൈലിംഗിലാണ് രൂപകല്‍പ്പന. കൂടാതെ സി എച്ച്ആര്‍ എസ് യുവിയുടെയും ഈയിടെ അനാവരണം ചെയ്ത ഹാരിയര്‍ ഉള്‍പ്പെടെയുള്ള മറ്റ് ടൊയോട്ട ക്രോസ്ഓവറുകളുടെയും ചില ഡിസൈന്‍ സാദൃശ്യങ്ങള്‍ കാണാം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, തടിച്ച വീല്‍ ആര്‍ച്ചുകള്‍ എന്നിവ നല്‍കിയതോടെ എസ് യുവി സ്റ്റാന്‍സ് വര്‍ധിച്ചു. ടോപ് സ്‌പെക് വേരിയന്റുകളില്‍ സവിശേഷ പെയിന്റ് സ്‌കീമുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഉണ്ടായിരിക്കും.

ആംബിയന്റ് ലൈറ്റിംഗ്, ഉയര്‍ന്നുനില്‍ക്കുന്ന ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ എസ് യുവിയുടെ കാബിനില്‍ കാണാം. കൂടാതെ യൂറോ സ്‌പെക് യാരിസ് ഹാച്ച്ബാക്കിലെ നിരവധി കാര്യങ്ങള്‍ നല്‍കിയിരിക്കുന്നു. മാത്രമല്ല, കാര്‍ഗോ സൂക്ഷിക്കുന്ന സ്ഥലത്തെ നിലം ക്രമീകരിക്കാന്‍ കഴിയും. സ്പ്ലിറ്റ് ഫോള്‍ഡിംഗ് നടത്താന്‍ കഴിയുന്നതാണ് പിന്‍ സീറ്റുകള്‍. ഇത് പ്രായോഗികത വര്‍ധിപ്പിക്കുന്നു.

1.5 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്ന ഹൈബ്രിഡ് പവര്‍ട്രെയ്‌നാണ് കരുത്തേകുന്നത്. ആകെ 116 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ഫ്രണ്ട് വീല്‍ ഡ്രൈവ് ആണെങ്കിലും മോശം ഗ്രിപ്പ് സെന്‍സറുകളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ മണല്‍, മഞ്ഞ് തുടങ്ങി വിവിധ ഭൂപ്രദേശങ്ങള്‍ താണ്ടുന്നതിന് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിലേക്ക് മാറും.