Asianet News MalayalamAsianet News Malayalam

മാരുതിക്ക് വേണ്ടി ഇന്നോവയുടെ സഹോദരനെ ടൊയോട്ട ഉപക്ഷിച്ചപ്പോള്‍ അനാഥമായത്..

വിപണിയിൽ അവതരിപ്പിച്ച്​ വെറും മൂന്ന്​ വർഷത്തിനുള്ളിലാണ്​ യാരിസ്,​ ഇന്ത്യയിൽ നിന്നും മടങ്ങുന്നത്​. 

Toyota Yaris Discontinued For Maruti Suzuki Ciaz Based Sedan
Author
Mumbai, First Published Oct 2, 2021, 11:12 AM IST

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ (Toyota) പ്രീമിയം സെഡാനായ യാരിസ് (Yaris) ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ യാരസിന്‍റെ (Yaris) നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചിരിക്കുന്നു.

എന്നാല്‍, ഈ നീക്കം അപ്രതീക്ഷിതമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ടൊയോട്ടയുടെ യാരിസിന് പകരക്കാരനായി മാരുതി സിയാസിന്റെ റീ-ബാഡ്‍ജിംഗ് പതിപ്പ് വിപണിയില്‍ എത്തുമെന്ന് മുമ്പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. യാരിസിന് പകരക്കാരനായി ബെല്‍റ്റ (Belta) എന്ന മോഡലിന്‍റെ പണിപ്പുരയിലാണ് ടൊയോട്ട എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാരുതിയുമായുള്ള കൂട്ടുകെട്ടിലാണ് ബെല്‍റ്റ ഒരുങ്ങുന്നത്. മാരുതി സുസുക്കി സിയാസ് സെഡാനാണ് ടൊയോട്ടയുടെ ലോഗോ ഒട്ടിച്ച് ബെല്‍റ്റ ആയി മാറാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന യാരിസിന് പകരമായിരിക്കും ബെല്‍റ്റ വരുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 2022 ഓടെ ഈ മോഡല്‍ നിരത്തില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.   പുതിയ പ്രോഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നതെന്നാണ് ടൊയോട്ട കമ്പനി പറയുന്നത്.  പുതിയ വാഹനനിര 2022-ല്‍ അവതരിപ്പിക്കുമെന്നും  പുതിയ മോഡലിനായാണ് ഈ പിന്മാറ്റമെന്നും ടൊയോട്ട ഇന്ത്യ അറിയിക്കുന്നു. 

അതേസമയം വിപണിയിൽ അവതരിപ്പിച്ച്​ വെറും മൂന്ന്​ വർഷത്തിനുള്ളിലാണ്​ യാരിസ്,​ ഇന്ത്യയിൽ നിന്നും മടങ്ങുന്നത്​. ഏഷ്യന്‍ വിപണികളില്‍ കമ്പനി വില്‍ക്കുന്ന വിയോസിന്‍റെ ഇന്ത്യന്‍ നാമമാണ് യാരിസ് എന്നത്.  2018 ലാണ് ടൊയോട്ട, യാരിസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുറത്തിറങ്ങിയ കാലം മുതൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്. മികച്ച ഫീച്ചറുകളും നിർമാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. വാഹനത്തിന്റെ ഡ്രൈവിങ് പ്രകടനം കൂടി മികച്ചതായതോടെ ഉപഭോക്താക്കൾ സംതൃപ്തരായിരുന്നെന്നും ടൊയോട്ട പറയുന്നു. എന്നാല്‍ മൂന്നുവർഷംകൊണ്ട്​  19,784 യൂനിറ്റ് മാത്രമാണ് വിറ്റുപോയത്. ഇതോടെ ഇന്ത്യയിലെ ടൊയോട്ടയുടെ മിഡ്​സൈസ്​ സെഡാൻ വിഭാഗം അനാഥമാകുമെന്നു മാത്രമല്ല 10 ലക്ഷത്തിൽ താഴെ വിലയിൽ ടൊയോട്ടയുടെ തനത്​ വാഹനങ്ങളൊന്നും ഇന്ത്യയിൽ ലഭ്യമാകില്ല എന്നതും ശ്രദ്ധേയമാണ്. 

ആഗോള വിപണിയിൽ യാരിസ് ഹാച്ച് ബാക്കായിരുന്നു എന്നാൽ ഇന്ത്യയ്ക്ക് സെഡാൻ മോഡലാണ് കിട്ടിയത്. ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത ഫീച്ചറുകളുമായാണ് യാരിസ് എത്തിയത്. മധ്യനിര സെഡാൻ വിഭാഗത്തിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, നിസ്സാൻ സണ്ണി, ഫോക്സ് വാഗൻ വെന്റൊ, സ്കോഡ റാപിഡ് എന്നിവരായിരുന്നു യാരിസ് ഇന്ത്യൻ വിപണിയിലെത്തുമ്പോഴുള്ള മുഖ്യ എതിരാളികൾ. എന്തായാലും യാരിസിന്‍റെ ഉൽപാദനച്ചെലവ് ലാഭിക്കാൻ പുതിയ നീക്കം ടൊയോട്ടയെ സഹായിക്കും.  10 ലക്ഷം രൂപവരെ വിലവരുന്ന വാഹന ഉപവിഭാഗത്തിൽ സുസുകിയിൽ നിന്നുവാങ്ങുന്ന മോഡലുകൾ മതിയെന്ന ടൊയോട്ടയുടെ പദ്ധതിയും യാരിസിന്‍റെ മടക്കം വേഗത്തിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം മാരുതിയുടെ ടൊയോട്ടയുടെയും സംയുക്ത സംരംഭം വിജയം കൊയ്യുകയാണ്. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ എന്നിങ്ങനെ ടൊയോട്ടയുടെ പേരിലെത്തിയ മാരുതി മോഡലുകളായ ബലേനോയും ബ്രസയും ജനപ്രിയങ്ങളായി മാറിക്കഴിഞ്ഞു.  ബലേനോയും വിറ്റാര ബ്രെസയുടെയും റീ ബാഡ്‍ജ് പതിപ്പായ ഗ്ലാൻസയും അർബൻ ക്രൂയിസറും ടൊയോട്ട നിരയില്‍ മികച്ച വില്‍പ്പന നേടുന്നുണ്ട്. ജാപ്പനീസ് നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ഒപ്പം ഗ്ലാൻസയും അർബൻ ക്രൂയിസറും കമ്പനിയുടെ വളര്‍ച്ചയില്‍ ഇപ്പോള്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ബലേനോ ടൊയോട്ട ഗ്ലാൻസ എന്ന പേരില്‍ 2019 -ൽ ആണ് ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നത്. 2020ല്‍ അർബൻ ക്രൂസറും എത്തി. 

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്‍ജ് ചെയ്‍ത് ഉടൻ വിപണിയില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios