ഡ്രൈവര്‍ മദ്യലഹരിയിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്‍ടമായ ട്രാക്ടര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഹരിയാനയിലെ ചാർക്കി ദാദ്രിയിലാണ് അപകടം നടന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.  

മെയിന്‍ റോഡിലെ മീഡിയനിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ റോഡിരികിലെ കടയുടെ സമീപത്തു നിന്ന മൂന്നു പേരെ ഇടിക്കുകയായിരുന്നു. അതിൽ രണ്ടു പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവർ മദ്യ ലഹരിയിലായിരുന്നെന്നും ട്രാക്ടറുടെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

റോഡിൽ നിന്ന് ഏറെ മാറിയായിരുന്നു മൂന്നു പേരും നിന്നത്. രണ്ടു പേർ റോഡിന് സമീപത്തു കൂടി നടക്കുകയും ഒരാൾ കടയുടെ മുന്നിൽ നിൽക്കുകയുമായിരുന്നു. നിയന്ത്രണം വിട്ട ട്രാക്ടര്‍ വരുന്നത് കണ്ട് ഇവര്‍ ഓടി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നു വിഡിയോയിൽ വ്യക്തമാണ്. രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് വാഹനം നിന്നത്.