ചെന്നൈ: ഗതാഗത നിയമലംഘനത്തിന് പിഴ ഇരട്ടിയലധികമായി വര്‍ധിപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദിവസവും ലഭിക്കുന്നത് ലക്ഷങ്ങള്‍. പിഴ കൂട്ടിയിട്ടും നിയമലംഘനത്തില്‍ കുറവ് വരാതായതോടെ സ്വൈപ്പിങ് മെഷിനുകളുമായി പരിശോധനയ്ക്കിറങ്ങി ട്രാഫിക് പൊലീസ്. പിഴ തുക വര്‍ധിപ്പിച്ചിട്ടും ചെന്നൈയില്‍ മാത്രം നാലായിരത്തോളം വാഹനയാത്രക്കാരാണ് ദിനംപ്രതി പിഴയടക്കുന്നത്. ഇതില്‍ ഏറിയ പങ്കും ഇരുചക്ര വാഹനയാത്രക്കാരെന്നാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആദ്യ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചിരുന്ന ചെന്നൈ ട്രാഫിക്ക് പൊലീസ് നയം കടുപ്പിച്ച് കഴിഞ്ഞു. പിന്നിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമായതിനാല്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് കൂടുതലും പിടിവീഴുന്നത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച്, സെപ്റ്റംബര്‍ ഒന്ന് മുതല്‍ ചെന്നൈയില്‍ മാത്രം 28000ത്തിലധികം പേര്‍ പിഴയടച്ചു കഴിഞ്ഞു.

ഹെല്‍മറ്റ് ഇല്ലാത്തതിന് വരെ പിഴ ആയിരമായതോടെ സ്വൈപ്പിങ്ങ് മെഷീനുകളുമായാണ് ട്രാഫിക്ക് പൊലീസ് നിയമലംഘകര്‍ക്ക് കൈകാണിക്കുന്നത്. ലൈസന്‍സ് ഇല്ലാതെ വാഹനംഓടിച്ചാല്‍ 5000വും, മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരവുമാണ് പിഴ. പിഴ അടയ്ക്കാന്‍ മടിക്കുന്നവര്‍ കോടതി കയറേണ്ടി വരുമെന്നതിനാല്‍ തെളിവിനായി വീഡിയോ കൂടി ചിത്രീകരിച്ചാണ് പരിശോധന നടത്തുന്നത്. എന്നാല്‍ കേരളത്തിലേത് പോലെ തകര്‍ന്ന റോഡുകളല്ലാത്തതാണ് ചെന്നൈയിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നുണ്ട്. പിഴ തുക ഇരട്ടിയലധികമാണെങ്കിലും പൊതുമരാമത്ത് വകുപ്പിനെയും കോര്‍പ്പറേഷനെയും പഴിചാരാതെയാണ് നിയമലംഘകര്‍ ചെന്നൈയില്‍ പിഴയടച്ച് മടങ്ങുന്നത്.