Asianet News MalayalamAsianet News Malayalam

ട്രാഫിക് നിയമലംഘകരെ പൊതുജനങ്ങള്‍ക്കും പിടികൂടാം; സമ്മാനവും നേടാമെന്ന് പൊലീസ്

ഗതാഗത നിയമലംഘനങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ടിസി വിജില്‍ വാട്ട്‌സ് അപ്പ് നമ്പരായ  9497945000 ല്‍ ചിത്രങ്ങള്‍ അയച്ചാല്‍ നടപടി ഉറപ്പെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു

Traffic violators can also be seized by the public; Police say that they will get the prize
Author
Thiruvananthapuram, First Published Mar 23, 2019, 6:02 PM IST

തിരുവനന്തപുരം: ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാനുള്ള പുത്തന്‍ പദ്ധതികളാണ് തിരുവനന്തപുരം ജില്ലാ പൊലീസ് ആവിഷ്കരിച്ചിരിക്കുന്നത്. നിയമ ലംഘനം നടത്തുന്നവരെ പൊതുജനങ്ങള്‍ക്കും പിടികൂടാം. പക്ഷെ മൊബൈല്‍ ക്യാമറയിലൂടെ ആണെന്ന് മാത്രം. ട്രാഫിക്ക് നിയമ ലംഘകരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിന് അയച്ചുനല്‍കിയാല്‍ സമ്മാനവും ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിലൂടെ പൊലീസ് ക്യാമറകള്‍ മാത്രമാകില്ല, നിയമ ലംഘകരെ പിടിക്കാന്‍ പൊതു ജനങ്ങളുടെ മൊബൈല്‍ ക്യാമറകളേയും ഉപയോഗപ്പെടുത്താമെന്ന് പൊലീസ് കണക്കുകൂട്ടുന്നു. ടിസി വിജില്‍ (ട്രിവാന്‍ഡ്രം സിറ്റിസണ്‍ വിജില്‍) എന്ന പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

പൊലീസ് നിരീക്ഷണവും, ക്യാമറയും ഉള്ളയിടങ്ങില്‍ മാത്രമല്ല. നഗരത്തില്‍ ഇനി എവിടെയും ഗതാഗത നിയമ ലംഘനം ഉണ്ടായാല്‍ നടപടി ഉറപ്പ് . അതിന് പൊതു ജനങ്ങളുടെ സഹകരമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ചയ്കുമാര്‍ ഐപിഎസ് ആവശ്യപ്പെട്ടുന്നത്. നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ടിസി വിജില്‍ വാട്ട്‌സ് അപ്പ് നമ്പരായ  9497945000 ല്‍ ചിത്രങ്ങള്‍ അയച്ചാല്‍ നടപടി ഉറപ്പെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

സ്ഥിരം ഗതാഗത നിയമ ലംഘനങ്ങള്‍ ഇതിലൂടെ അവസാനിപ്പിക്കാമെന്ന് പൊലീസ് കണക്കുകൂട്ടുന്നു. ചുവപ്പ് ലൈറ്റ് കത്തിയാലും ട്രാഫിക് സിഗ്നല്‍ മുറിച്ച് കടക്കുന്നവര്‍, ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍, അമിത വേഗത്തിലും, അപകടരമായ ഡ്രൈവിംഗും നടത്തുന്നവരെല്ലാം ഇനി പൊതുജനത്തിന്‍റെ ക്യാമറയെക്കൂടി ഭയപ്പെടണം. കാല്‍നടയാത്രാക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി ഏത്  തരത്തിലുമുള്ള ഗതാഗത നിയമലംഘനവും ഇതിലൂടെ  അറിയിക്കാം. 
വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കും. ഇത് കൂടാതെ നഗരത്തില്‍ ഗതാഗത സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും  പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇതിലൂടെ  അറിയിക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചു. മികച്ച ചിത്രങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാനും തീരുമാനമുണ്ട്.

ക്ലിക്ക് ചെയ്യു സമ്മാനം നേടൂ

ടിസി വിജിലിലേക്ക്  മികച്ച ചിത്രങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുന്നവര്‍ക്ക്  പ്രത്യേക റിവാര്‍ഡും കമ്മീഷണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ഓരോ ആഴ്ചയിലും മികച്ച ഫോട്ടോയോ നിര്‍ദ്ദേശമോ നല്‍കുന്ന മൂന്ന് പേര്‍ക്ക്  ഗുഡ്  സാമര്‍ത്ഥ്യന്‍  (ഗുഡ്  സിറ്റിസണ്‍) പുരസ്‌കാരം നല്‍കും. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മികച്ചതാണെങ്കില്‍ ഗതാഗത പരിഷ്‌കരണത്തിന് അക്കാര്യവും പരിഗണിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios