വൈദ്യുതി ബോർഡിന്റെ ആവശ്യത്തിലേക്ക് 30 ടൺ തൂക്കമുള്ള ഇലക്ട്രിക്ക് കമ്പികളുമായി രാജസ്ഥാനിലെ അജ്‍മീറിൽ നിന്നു വന്ന ട്രെയിലർ ലോറിയാണ് കയറ്റം  കയറാനാവാതെ വഴിയിൽ കുടുങ്ങിയത്. ഒരാഴ്‍ച മുൻപ് അജ്‍മീറിൽ നിന്ന് ലോഡുമായി പുറപ്പെട്ട ലോറിയിൽ ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. 

ഗൂഗിള്‍ മാപ്പ് മാത്രം നോക്കി സഞ്ചരിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അബദ്ധങ്ങളും അപകടങ്ങളുമൊക്കെ അടുത്തകാലത്ത് വാര്‍ത്തകളിലെ പതിവുകളാണ്. കാറുകള്‍ അണക്കെട്ടിലും പുഴയിലുമൊക്കെ പതിച്ചതും വയലിലെ ചെളിയില്‍ താണതുമൊക്കെ അത്തരം സംഭവങ്ങളില്‍ ചിലതാണ്. ഇതിന് സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത്. ഇവിടെ വളിയ അപകടമൊന്നും സംഭവിച്ചില്ല, എന്നാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ ഒരു വമ്പന്‍ ട്രക്ക് ചെറിയ റോഡില്‍ കുടുങ്ങുകയും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്‍തു.

ആലപ്പുഴ വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ നാൽപതേക്കറിലാണ് കഴിഞ്ഞദിവസം 18 ചക്രമുള്ള ട്രെയിലർ ലോറി ലോഡുമായി കുടുങ്ങിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. വാഴത്തോപ്പിൽ വൈദ്യുതി ബോർഡിന്റെ ആവശ്യത്തിലേക്ക് 30 ടൺ തൂക്കമുള്ള ഇലക്ട്രിക്ക് കമ്പികളുമായി രാജസ്ഥാനിലെ അജ്‍മീറിൽ നിന്നു വന്ന ട്രെയിലർ ലോറിയാണ് കയറ്റം കയറാനാവാതെ വഴിയിൽ കുടുങ്ങിയത്. ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചതാണ് ഈ വഴിയിലേക്ക് ലോറി എത്താനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വളവിൽ ട്രക്ക് തിരിയാതെ വന്നു. ഒടുവില്‍ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ വഴിയിൽ ലോറി കുടുങ്ങി. തുടര്‍ന്ന് ഹൈവേ പൊലീസ് സ്ഥലത്തെത്തി. പിന്നീട് അരക്കിലോ മീറ്ററോളം ദൂരം പിറകോട്ട് എടുത്ത് സമീപത്തെ പെട്രോൾ പമ്പിൽ എത്തിച്ചാണ് തിരിച്ചത്. ഇതോടെയാണ് റോഡിലെ ഗതാഗത തടസ്സം നീക്കിയത്. ഒരാഴ്‍ച മുൻപ് അജ്‍മീറിൽ നിന്ന് ലോഡുമായി പുറപ്പെട്ട ലോറിയിൽ ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. 

വലിയ കയറ്റവും കൊടും വളവുകളും നിറഞ്ഞ റോഡിൽ വാഹന അപകടങ്ങൾ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നത് അപകടത്തിന് ഇടയാക്കും. എന്നാൽ ഇതൊന്നും അറിയാതെ ഗൂഗിൾ മാപ്പ് നോക്കി വാഹനങ്ങൾ വരുന്നതാണ് വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നത്. റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് ബോർഡുകളോ, മറ്റ് നിയന്ത്രണങ്ങളോ ഇല്ല. ഇതുകാരണം വഴി അറിയാത്ത പുറത്തു നിന്നുള്ള ഡ്രൈവർമാർ ഗൂഗിൾ മാപ്പ് നോക്കി ഇതുവഴി ഭാര വാഹനങ്ങളുമായി വരുന്നത് അപകട ഭീഷണി കൂട്ടുകയാണെന്നും നാട്ടുകാര്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona