Asianet News MalayalamAsianet News Malayalam

പുത്തന്‍ ബൈക്കുമായി ട്രയംഫ്

ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ട്രൈഡന്‍റ് എന്ന മോഡലുമായി എത്തുന്നു

Triumph Trident 660 unveiled
Author
Mumbai, First Published Nov 2, 2020, 4:00 PM IST

ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ട്രൈഡന്‍റ് എന്ന മോഡലുമായി എത്തുന്നതായി മോട്ടോ ഒക്ടേന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിയുടെ റോഡ്സ്റ്റർ ശ്രേണിയിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയി അവതരിപ്പിച്ചിരിക്കുന്ന ട്രൈഡന്റ് 660-യ്ക്ക് റോഡ്സ്റ്റർ, സ്ട്രീറ്റ് ഫൈറ്റർ ബൈക്കുകളുടെ ഒരു സങ്കര ഡിസൈൻ ആണ്. വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, ഉയരം കൂടിയ ഹാൻഡിൽ ബാർ, എടുത്തുകാട്ടുന്ന ഫ്രെയിം, ബോഡി ഘടകങ്ങൾ കുറഞ്ഞ പിൻഭാഗം എന്നിവ ട്രയംഫ് ട്രൈഡന്റ് 660-യുടെ സ്‌പോർട്ടി ലുക്ക് പൂർണമാക്കുന്നു.

ട്രയംഫിന്റെ ഹിൻക്ലിയിലെ ഡിസൈൻ ടീം തയ്യാറാക്കിയ ട്രയംഫ് ട്രൈഡന്റിൽ പ്രശസ്ത ഇറ്റാലിയൻ ബൈക്ക് ഡിസൈനറായ റോഡോൾഫോ ഫ്രെസ്‍കോളി ആണ് അവസാനവട്ട മിനുക്കുപണികൾ നടത്തിയത്.

ഇൻലൈൻ 3 സിലിണ്ടർ 660 സിസി എൻജിനാണ് ട്രയംഫ് ട്രൈഡന്റ് 660യുടെ ഹൃദയം. 81 എച്ച്പി പവറും 64 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ക്വിക്ക് ഷിഫ്റ്റർ ഓപ്ഷണലായി ചേർക്കാവുന്ന 6-സ്പീഡ് ഗിയർബോക്‌സ് ആണ് ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ഷോവയുടെ അപ്പ്സൈഡ് ഡൗൺ മുൻ സസ്‌പെൻഷനും മോണോഷോക്ക് പിൻ സസ്പെൻഷനുമാണ് ട്രൈഡന്റ് 660-യ്ക്ക്. 310 എംഎം ട്വിൻ ഡിസ്ക് മുൻപിലും സിംഗിൾ ഡിസ്‍ക് പുറകിലും ക്രമീകരിച്ചിട്ടുണ്ട്. ട്യൂബുലാർ സ്റ്റീൽ ഫ്രയ്മിൽ നിർമിച്ചിരിക്കുന്ന ട്രൈഡന്റ് 660-യ്ക്ക് 189 കിലോഗ്രാം മാത്രമാണ് ഭാരം.

ട്രയംഫ് ബൈക്കുകളുടെ കൂട്ടത്തിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല ട്രൈഡന്റ് 660. റോഡ്, റൈൻ എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകൾ, ക്രമീകരിക്കാവുന്ന ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ, പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെയാണ് ഫീച്ചറുകളുടെ നിര. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗോപ്രോ കണ്ട്രോൾ എന്നിവ നൽകുന്ന ബ്ലൂടൂത്ത് മൊഡ്യൂൾ ഓപ്ഷണലായി തിരഞ്ഞെടുക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios