ലക്നൗ: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യം മുഴുവന്‍ അത് ചര്‍ച്ചയായിരിക്കുകയാണ്. കടുത്ത പിഴ ശിക്ഷ ഓരോ നിയമലംഘനം നടത്തുമ്പോഴും ചുമത്തുന്ന വാര്‍ത്തകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തും നിന്നും വരുന്നുണ്ട്. ഇതിനിടെ ഉത്തര്‍പ്രദേശിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ചുമത്തപ്പെട്ട പിഴയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

തെറ്റായ വേഷവിധാനത്തിന്‍റെ പേരില്‍ ലുങ്കിയും ബനിയനും ധരിച്ചതിന് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 2,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പുതിയ നിയമപ്രകാരം ഡ്രൈവര്‍മാര്‍ പാന്‍റ്സിനൊപ്പം ഷര്‍ട്ടോ ടീ ഷര്‍ട്ടോ ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. ഒപ്പം വാഹനം ഓടിക്കുമ്പോള്‍ ഷൂവും ധരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സ്കൂള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഈ നിയമം പാലിക്കാത്തവര്‍ക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് ലക്നൗ എഎസ്പി പൂര്‍ണേന്ദു സിംഗ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നുമുതലാണ് വാഹനഗതാഗത നിയമ ലംഘനത്തിന് വന്‍ പിഴ ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി തുടങ്ങിയത്.