ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് വർദ്ധനവ് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കം ഇന്ത്യൻ കയറ്റുമതി മേഖലയിൽ ആശങ്കയുണ്ടാക്കി. 

ന്ത്യൻ കയറ്റുമതിയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ നീക്കം രാജ്യത്തെ ഓട്ട മൊബൈൽ മേഖലയിൽ ഉൾപ്പെടെ പ്രധാന കയറ്റുമതി മേഖലകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതിനെതിരെ ട്രംപ് നേരത്തെ നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഓഗസ്റ്റ് 27 മുതൽ പുതിയ താരിഫ് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.

കഴിഞ്ഞ ദിവസം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഈ നയം അനുസരിച്ച് താരിഫുകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കിയിട്ടുണ്ട്. അതിനുശേഷം ഈ താരിഫ് ഇന്ത്യയിലെ പല വ്യവസായങ്ങളെയും ബാധിക്കും, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓട്ടോമൊബൈൽ മേഖലയാണ്. ട്രംപിന്റെ 50 ശതമാനം താരിഫ് നയം ഇന്ത്യയുടെ ഓട്ടോ ഘടകങ്ങളുടെ കയറ്റുമതിയിൽ വലിയ സ്വാധീനം ചെലുത്തും . ഇന്ത്യയിൽ നിന്നുള്ള ഓട്ടോ പാർട്‌സുകളുടെ തീരുവ ഉയർത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം രാജ്യത്തിന്റെ കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുഎസിലേക്കുള്ള ഇന്ത്യയുടെ ഏഴ് ബില്യൺ ഡോളർ മൂല്യമുള്ള ഓട്ടോ പാർട്‌സ് കയറ്റുമതിയുടെ പകുതിയോളം ബാധിക്കപ്പെടുമെന്ന് ഇക്കണോമിക് ടൈംസിനോട് സംസാരിച്ച മുതിർന്ന വ്യവസായ വിദഗ്ധർ വ്യക്തമാക്കി.

ഈ തീരുമാനം ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള ഓട്ടോ പാർട്‌സ് കയറ്റുമതി പകുതിയായി കുറച്ചേക്കാം . നിലവിൽ, ഇന്ത്യ പ്രതിവർഷം ഏകദേശം 7 ബില്യൺ ഡോളർ (ഏകദേശം 61,000 കോടി രൂപ) മൂല്യമുള്ള ഓട്ടോ പാർട്‌സ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. എന്നാൽ താരിഫ് നിരക്കുകളിലെ വലിയ വർദ്ധനവ് കാരണം, ഈ വ്യാപാരം കുത്തനെ ഇടിഞ്ഞേക്കാം.

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഓട്ടോ പാർട്‌സ് ഇറക്കുമതി ചെയ്യുന്നത് അമേരിക്കയാണ് എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയം. മൊത്തം ഓട്ടോ പാർട്‍സ് കയറ്റുമതിയിൽ അമേരിക്കയുടെ പങ്ക് 32 ശതമാനമാണ് . അതായത് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ ഉപഭോക്താവാണ്. ഇക്കാരണത്താൽ, അമേരിക്കൻ താരിഫ് ഇന്ത്യയുടെ കയറ്റുമതി ബിസിനസിനെയും തൊഴിലിനെയും നേരിട്ട് ബാധിക്കും.

അതേസമയം, അമേരിക്കയിൽ നിന്ന് വരുന്ന ഓട്ടോ പാർട്‌സുകൾക്ക് ഇന്ത്യ അഞ്ച് മുതൽ 15 ശതമാനം വരെ കസ്റ്റം തീരുവ ചുമത്തുന്നു. ഇത് താരതമ്യേന കുറവാണ്. ഇന്ത്യ അമേരിക്കയിലേക്ക് പൂർത്തിയായ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നില്ല. പക്ഷേ പാർട്‌സുകളുടെ കാര്യത്തിൽ ഇന്ത്യയുടെ പങ്ക് വളരെ ശക്തമാണ് . ഈ താരിഫ് വളരെക്കാലം പ്രാബല്യത്തിൽ തുടർന്നാൽ , ഇന്ത്യൻ ഓട്ടോ പാർട്‌സ് വ്യവസായത്തിന് നഷ്‍ടം സംഭവിക്കുകയും പല കമ്പനികൾക്കും അമേരിക്കയിൽ നിന്നുള്ള ഓർഡറുകൾ നഷ്‍ടപ്പെടുകയും ചെയ്‌തേക്കാം എന്നാണ് റിപ്പോർട്ടുകൾ.