ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ എസ്‍യുവി ട്യൂസോണിന്‍റെ പുതിയ പതിപ്പിന്‍റെ ലോക്ക് ഡൌണ്‍ കഴിഞ്ഞാല്‍ ഉടൻ നടക്കുമെന്ന് കമ്പനി. കമ്പനിയുടെ ബിസിനസ് ഹെഡ് തരുൺ ഗാർഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിഎസ്6 പാലിക്കുന്ന 2.0-ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളായിരിക്കും പുത്തൻ ട്യൂസോണിന്‍റെ ഹൃദയം. 155 എച്ച്പി പവറും 192 എൻഎം ടോർക്കും പെട്രോൾ എൻജിൻ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ 185 എച്ച്പി പവറും 400 എൻഎം ടോർക്കും നൽകും. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയോടെയാണ് വാഹനം എത്തുന്നത്. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. വയർലെസ് ചാർജറുകൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഫ്രണ്ട്-പാസഞ്ചർ സീറ്റ് ക്രമീകരണം എന്നിവയും പുതിയ പതിപ്പിനെ വേറിട്ടതാക്കുന്നു. 

കൊറോണ വൈറസിന്റെ വ്യാപനവും രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം പുത്തൻ റ്റ്യുസോൺ വില്പനയും അവതരണവും നീണ്ടു പോകുകയായിരുന്നു. എംജി ഹെക്ടർ, ജീപ്പ് കോമ്പസ്സിന്, ടാറ്റ ഹരിയർ തുടങ്ങിയ എസ്‌യുവികൾ ആയിരിക്കും പുത്തൻ റ്റ്യുസോണിന്‍റെ എതിരാളികൾ. 

2016ല്‍ ആദ്യം നിരത്തിലെത്തിയ ട്യൂസോൺ എസ്‌യുവിയുടെ പുതിയ മോഡലിനെ 2018-ലെ ന്യൂയോർക്ക് ഓട്ടോ ഷോയിലാണ് ആഗോള വിപണിക്കായി അവതരിപ്പിച്ചത് . പുത്തൻ ട്യൂസോൺ അതെ വർഷം തന്നെ ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 2020 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് പുത്തൻ ട്യൂസോൺ ഇന്ത്യയിൽ എത്തിയത്.