ഹാച്ച്ബാക്ക് മോഡലുകളായ പോളോയുടെയും സെഡാനായ വെന്റോയുടെയും ടര്‍ബോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ 

ഹാച്ച്ബാക്ക് മോഡലുകളായ പോളോയുടെയും സെഡാനായ വെന്റോയുടെയും ടര്‍ബോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പോളോ ടര്‍ബോ എഡിഷന് 6.99 ലക്ഷം രൂപ മുതലും വെന്‍റോയ്ക്ക് 8.69 ലക്ഷം രൂപയുമാണ്‌ ഇന്ത്യയിലെ എക്‌സ് ‌ഷോറും വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കരുത്തും ഉയര്‍ത്തി കാഴ്ചയില്‍ കൂടുതല്‍ ആകര്‍ഷകവുമാക്കിയാണ് ടര്‍ബോ എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള സ്‌പോയിലര്‍, റിയര്‍വ്യൂ മിറര്‍ ക്യാപ്, ഫെന്‍ഡര്‍ ബാഡ്‍ജ്, സ്‌പോര്‍ട്ടി സീറ്റ് കവര്‍ എന്നിവയാണ് ഈ വാഹനത്തെ റെഗുലര്‍ മോഡലില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ക്ലൈമട്രോണിക് എയര്‍ കണ്ടീഷനിങ്ങ് സിസ്റ്റം ടര്‍ബോ എഡിഷനിലെ ഹൈലൈറ്റാണ്. ഹെഡ്‌ലൈറ്റ്, ഗ്രില്ല്, ഫോഗ് ലാമ്പ്, അലോയി വീല്‍, റിയര്‍ പ്രൊഫൈല്‍ എന്നിവ ഒടുവില്‍ മുഖം മിനുക്കിയെത്തിയ മോഡലിലേത് തുടരുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുള്ളത്. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇരു മോഡലുകളുടെയും ഹൃദയം. ഫോക്‌സ്‌വാഗണിന്റെ ടര്‍ബോചാര്‍ജ്‍ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ (ടി.എസ്.ഐ) സാങ്കേതികവിദ്യ കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കും. ഇരു മോഡലിലേയും എന്‍ജിന്‍ 108 ബി.എച്ച്.പി. പവറും 175 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്.

ഇരു മോഡലുകളുടെയും കംഫര്‍ട്ട്‌ ലൈന്‍ വേരിയന്റാണ് ടര്‍ബോ എഡിഷനായി മാറിയിട്ടുള്ളത്. ഈ പതിപ്പിനുള്ള ബുക്കിങ്ങ് ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. ഫോക്‌സ്‌വാഗണിന്റെ പോപ്പുലര്‍ മോഡലുകളായ പോളോയുടെയും വെന്റോയുടെയും ടര്‍ബോ എഡിഷനിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച ഡ്രൈവിങ്ങ് അനുഭവം ഒരുക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.