കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് രാജ്യം. ഈ പോരാട്ടത്തില്‍ സര്‍ക്കാരിന് കൈത്താങ്ങുമായി നിരവധി വാഹന നിര്‍മ്മാതാക്കള്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ അത്തരമൊരു സഹായുമായി എത്തിയിരിക്കുകയാണ് ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനിയും സുന്ദരം ക്ലേടോണ്‍ ലിമിറ്റഡും. 

രാജ്യത്താകമാനമുള്ള ആരോഗ്യ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ കരുത്തേകാന്‍ 30 കോടി രൂപയുടെ ധനസഹായമാണ് ഈ രണ്ട് കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. 

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെയും സുന്ദരം ക്ലേടോണ്‍ ലിമിറ്റഡിന്റെ സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസ് ട്രസ്റ്റാണ് പണം നല്‍കുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മാസ്‌കുകള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപാലനം നടത്തുന്നവര്‍ക്കുമുള്ള ഭക്ഷണം എന്നീ ആവശ്യങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുക.

ധനസഹായത്തിന് പുറമെ, തമിഴ്‌നാട്ടിലെ ഹൊസൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍, കൃഷ്ണഗിരി, മൈസൂരു എന്നിവടങ്ങളില്‍ അണിനാശിനി തളിക്കുന്നതിനായി 10 ട്രാക്ടറുകള്‍ ടിവിഎസ് വിട്ടുനല്‍കിയിരുന്നു. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ടിവിഎസിന്റെ മേല്‍നോട്ടത്തില്‍ 10 ലക്ഷം മാസ്‌കുകളും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപാലനത്തിനും ഓരോ പൗരന്റെയും പിന്തുണ ഉറപ്പാക്കണമെന്ന് ടിവിഎസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രനിവാസന്‍ അഭിപ്രായപ്പെട്ടു. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ പിന്തുണയാണ് രാജ്യത്തെ വിവിധ വാഹനനിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 500 കോടി രൂപയുടെ ധനസഹായമാണ് ടാറ്റ ട്രസ്റ്റിന്‍റെ വാഗ്‍ദാനം. ബജാജ് ഓട്ടോ 100 കോടി, ടിവിഎസ് മോട്ടോഴ്‌സ് 30 കോടി തുടങ്ങിയ സാഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കൊറിയയില്‍ നിന്ന് കൊറോണ ടെസ്റ്റിങ്ങ് കിറ്റുകള്‍ എത്തിക്കും. 25 കോടി രൂപയുടെ ധനസഹായമാണ് ഫോഴ്‌സ് മോട്ടോഴ്‌സിന്റെയും ജയഹിന്ദ് ഇന്‍ഡസ്ട്രീസിന്റെയും മാതൃസ്ഥാപനമായ അഭയ് ഫിരോഡിയ ഗ്രൂപ്പിന്‍റെ പ്രഖ്യാപനം. 

മറ്റ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, മാരുതി എന്നിവര്‍ വെന്റിലേറ്റര്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ മഹീന്ദ്ര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കുമെന്നും അറിയിച്ചിട്ടുണ്ട്.