ടിവിഎസ് (TVS) 2021 അപ്പാഷെ RR310 (2021 TVS Apache RR 310) മുഴുവനും വിറ്റുതീര്‍ന്നു

ടുത്തിടെയാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് (TVS) 2021 അപ്പാഷെ RR310 (2021 TVS Apache RR 310) വിപണിയില്‍ അവതരിപ്പിക്കുന്നത്. നവീകരിച്ച എത്തുന്ന മോഡലിന് 2.59 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം (Ex Showroom) വില. ഈ പതിപ്പ് ഏകദേശം 150 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അവതരണവേളയില്‍ കമ്പനി അറിയിച്ചിരുന്നു. ഇപ്പോഴിതാ അവതിരിപ്പിച്ച് ഏതാനും ആഴ്‍ചകള്‍ പിന്നിടുമ്പോഴേക്കും ആദ്യ ബാച്ച് (First Batch) മുഴുവനായും വിറ്റു തീര്‍ന്നതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ബാച്ചിനുള്ള എല്ലാ ഓര്‍ഡറുകളും പൂര്‍ണ്ണമായി ബുക്ക് (Booking) ചെയ്‍ത് കഴിഞ്ഞിരിക്കുകയാണെന്നും ബുക്കിംഗ് ഇപ്പോള്‍ ടിവിഎസ് (TVS) അവസാനിപ്പിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. 

2,59,990 രൂപ അടിസ്ഥാന വിലയുള്ള, പുതിയ ടിവിഎസ് അപ്പാച്ചെ RR 310 അതിന്റെ മുന്‍കാല എതിരാളിയെ അപേക്ഷിച്ച് നിരവധി അപ്ഡേറ്റുകളുമായിട്ടാണ് വരുന്നത്. ഇതിന് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂടുതല്‍ കോര്‍ണറിംഗ് ക്ലിയറന്‍സും പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷനും, ഒരു റേസര്‍ നോട്ട് ഉപയോഗിച്ച് പരിഷ്‌കരിച്ച എക്‌സോസ്റ്റും ലഭിക്കുന്നു. ഡൈനാമിക്, റേസ് എന്നിവയുടെ രണ്ട് പെര്‍ഫോമന്‍സ് കിറ്റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഓണ്‍ലൈന്‍ 'ബില്‍റ്റ് ടു ഓര്‍ഡര്‍' (BTO) പ്ലാറ്റ്‌ഫോമിലാണ് ഇത് അവതരിപ്പിച്ചത്. 

ബിഎസ് 6 നിലവാരത്തിലുള്ള 313 സിസി എഞ്ചിനാണ് ഈ മോഡലിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 9,700 rpm-ല്‍ 34 bhp പരമാവധി കരുത്തും 7,700 rpm-ല്‍ 27.3 Nm ടോര്‍ഖും സൃഷ്ടിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ചേര്‍ത്തിട്ടുണ്ട്. അര്‍ബന്‍, ട്രാക്ക്, സിറ്റി, റെയിന്‍ എന്നീ നാല് റൈഡ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന ഏക ബൈക്ക് കൂടിയാണിത്. മുന്‍വശത്ത് ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് സഹായത്തോടെയുള്ള ഷോക്ക് അബ്‌സോര്‍ബറും വഴിയാണ് സസ്‌പെന്‍ഷന്‍. 

മുന്നില്‍ 300 mm ഡിസ്‌കും പിന്‍ഭാഗത്ത് 240 mm ഡിസ്‌കും ലഭിക്കും. ഡ്യുവല്‍ ചാനല്‍ എബിഎസും ബൈക്കിലുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത ടിവിഎസ് അപ്പാച്ചെ RR310 കൈവരിക്കുമെന്നും കമ്പനി പറയുന്നു. 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ എത്താന്‍ 7.17 സെക്കന്‍ഡുകള്‍ മതി.