Asianet News MalayalamAsianet News Malayalam

80 കിമീ മൈലേജ്, പുതിയൊരു സ്‍കൂട്ടറിന്‍റെ പണിപ്പുരയില്‍ ടിവിഎസ്!

ഒരൊറ്റ ചാർജിൽ ഈ ഇലക്ട്രിക് സ്‍കൂട്ടറിന് 80 കിലോമീറ്റർ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഫാസ്റ്റ് ചാർജിംഗ് ഔട്ട്‌ലെറ്റുകൾ ഉപയോഗിച്ച് ഒരുമണിക്കൂറിനുള്ളിൽ 80 ശതമാനം വരെ റീചാർജ് ചെയ്യാമെന്നും ടിവിഎസ് 

TVS Creon electric scooter launch follow up
Author
Trivandrum, First Published Jul 21, 2021, 10:42 AM IST

പുതിയ ഇലക്ട്രിക് സ്‌കൂട്ടർ കൂടി ആഭ്യന്തര വിപണിയിൽ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് എന്ന് റിപ്പോര്‍ട്ട്. ക്രിയോണ്‍ എന്നാണ് ഈ സ്‍കൂട്ടറിന്‍റെ പേരെന്നും ഇലക്ട്രിക് വാഹന പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിനായി 1,000 കോടി രൂപ നിക്ഷേപിക്കാൻ ടിവിഎസ് പദ്ധതിയിടുന്നതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ഓട്ടോ എക്‌സ്‌പോയിൽ ആണ് ടിവിഎസ് ആദ്യമായി ക്രിയോൺ കൺസെപ്റ്റ് ഇലക്ട്രിക് സ്‌കൂട്ടർ പ്രദർശിപ്പിച്ചത്. വിപണിയിൽ എത്തുന്നതിനു മുമ്പ് ഇലക്ട്രിക് ഈ സ്‍കൂട്ടറിന് അന്തിമ രൂപം നൽകുന്നതിന് കമ്പനിയിലെ അഞ്ഞൂറിലധികം എഞ്ചിനീയർമാരുള്ള ടീം തിരക്കിലാണെന്നും 2022 മാർച്ചോടെ കമ്പനി ഈ സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൊസൂരിലെ പ്ലാന്‍റിലാകും ടിവിഎസ് ക്രിയോൺ നിർമ്മിക്കുക. 

ക്രിയോണിനെ പ്രീമിയം ഇലക്ട്രിക് സ്​കൂട്ടർ എന്നാണ്​ കമ്പനി വിശേഷിപ്പിക്കുന്നത്​. ​കമ്പനിയുടെ നിലവിലുള്ള ഇലക്ട്രിക് മോഡലായ ടിവിഎസ് ഐക്യൂബിന് മുകളിലായിരിക്കും ക്രിയോണിന്‍റെ സ്ഥാനം. ക്രിയോണിലെ ലിഥിയം അയൺ ബാറ്ററി പായ്ക്കിന് 12 കിലോവാട്ട് ശേഷി ഉണ്ടാകും. ഇത് അതിവേഗ ചാർജിംഗ് സംവിധാനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.   പൂജ്യത്തില്‍ നിന്ന് 5.1 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ക്രിയോണിന് കഴിയും എന്നും കമ്പനി പറയുന്നു. ഒരൊറ്റ ചാർജിൽ ഈ ഇലക്ട്രിക് സ്‍കൂട്ടറിന് 80 കിലോമീറ്റർ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഫാസ്റ്റ് ചാർജിംഗ് ഔട്ട്‌ലെറ്റുകൾ ഉപയോഗിച്ച് ഒരുമണിക്കൂറിനുള്ളിൽ 80 ശതമാനം വരെ റീചാർജ് ചെയ്യാമെന്നും ടിവിഎസ് അവകാശപ്പെടുന്നു. 

സ്‍മാർട്ട്‌ഫോൺ ചാർജർ, ടിഎഫ്‍ടി സ്‌ക്രീൻ, പാർക്ക് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് ഉള്ള പ്രത്യേക റൈഡിംഗ് മോഡുകൾ, ജിയോഫെൻസിംഗ്, ആന്റി തെഫ്റ്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഐക്യൂബിനെക്കാള്‍ വിലയും കൂടിയേക്കും. 

തിരഞ്ഞെടുത്ത നഗരങ്ങളായ ബെംഗളൂരു, ദില്ലി, പൂനെ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ ടിവിഎസ് ഐക്യുബ് ഇലക്ട്രിക് ഇരുചക്ര വാഹനം വിൽക്കുന്നത്. എന്നാല്‍ ടിവിഎസ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഏഥര്‍ ഉള്‍പ്പെടെയുള്ള വമ്പന്മാരായിരിക്കും ടിവിഎസ് ക്രിയോണിന്‍റെ എതിരാളികള്‍.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios