രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇതിനെക്കുറിച്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു പെര്‍ഫോമെന്‍സ് സ്‌കൂട്ടറാണ് ദി്ലലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍.

റീജനറേറ്റീവ് ബ്രേക്കിങ്, ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് തുടങ്ങി ഫീച്ചറുകളും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ സ്ഥാനം പിടിച്ചേക്കും. നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ മതിയെന്നും കമ്പനി പറയുന്നു.

ഇന്റലാണ് ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ സ്കൂട്ടറിന് ഒറ്റചാര്‍ജ്ജില്‍ 75-80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും കഴിയുമെന്നും ഒരു മണിക്കൂര്‍ കൊണ്ടു ഏകദേശം 80 ശതമാനത്തോളം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാകുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.