Asianet News MalayalamAsianet News Malayalam

പെട്രോളും ഡീസലും വേണ്ടാത്ത ടിവിഎസിന്‍റെ ആദ്യ സ്‍കൂട്ടര്‍ റെഡി!

ഐ ക്യൂബ് എന്നാണ് ഈ വാഹനത്തിന്റെ പേര്

TVS iQube electric scooter unveiled
Author
Chennai, First Published Jan 26, 2020, 3:44 PM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐ ക്യൂബ് എന്നാണ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പേര്. 1.15 ലക്ഷം രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. 

4.4 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിന്‍റെ ഹൃദയം. മണിക്കൂറില്‍ 78 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം.  പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.2 സെക്കന്‍ഡുകള്‍ മാത്രം മതി. എക്കണോമി, പവര്‍ എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡുകളാണ് ഈ സ്‌കൂട്ടര്‍ നല്‍കുന്നത്. റീജറേറ്റീവ് ബ്രേക്കിങ്ങ്, നോണ്‍ റിമൂവബിള്‍ ബാറ്ററി എന്നിവ ഈ സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. സ്‌കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരവധി ഫീച്ചറുകള്‍ ഈ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ലഭ്യമാണ്. കണക്ട് ടെക്‌നോളജി സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷതയാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന ലോഗോ എന്നിവയൊക്കെയാണ് സ്‌കൂട്ടറിലെ സവിശേതകള്‍.

വെള്ള നിറത്തില്‍ മാത്രമേ നിലവില്‍ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാവുകയുള്ളു. വലിയ അലങ്കാരപ്പണികള്‍ ഒന്നും ഇല്ലാത്ത ഡിസൈനാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്. കണക്ട് ടെക്‌നോളജി വഴി റൈഡര്‍ക്ക് റിമോര്‍ട്ട് ചാര്‍ജിങ് സ്റ്റാറ്റസ്, ജിയോ ഫെന്‍സിംഗ്, അവസാനം പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍, മെസേജുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അറിയാം. ടിവിഎസിന്റെ എക്‌സോണെറ്റ് ടിഎഫ്ടി ക്ലെസ്റ്ററാണ് ഐ ക്യൂബില്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ പാര്‍ക്കിങ് അസിസ്റ്റന്‍സ്, ബാറ്ററി ചാര്‍ജ് സ്റ്റാറ്റസ്, സ്മാര്‍ട്ട് റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോ ഫെന്‍സിങ് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

സ്മാര്‍ട്ട് ലുക്കാണ് ഐ ക്യൂബിന്റെ മറ്റൊരു ഹൈലൈറ്റ്. എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയ്ല്‍ലൈറ്റും, യു ആകൃതിയിലുള്ള ഡിആര്‍എല്‍, മോട്ടോറിന്റെ ഭാഗത്തായി നല്‍കിയിട്ടുള്ള തിളക്കമുള്ള ലോഗോ എന്നി കാഴ്ചയില്‍ മികവ് നല്‍കുന്നു. 12 ഇഞ്ചാണ് ടയര്‍. മുന്നില്‍ ഡിസ്‌കും ബ്രേക്കും നല്‍കുന്നുണ്ട്. ക്യൂ-പാര്‍ക്ക് അസിസ്റ്റും റീജനറേറ്റീവ് ബ്രേക്കിംഗും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. വിപണിയില്‍ ചേതക് ഇലക്ട്രിക്ക്, ആര്‍തര്‍ 450, 450 എക്‌സ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഐ ക്യൂബിന്റെ മുഖ്യ എതിരാളികള്‍.  

തുടക്കത്തില്‍ ബാംഗളൂരില്‍ മാത്രമാകും സ്‌കൂട്ടര്‍ ലഭ്യമാകുക. പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. 5,000 രൂപ നല്‍കി വെബ്‌സൈറ്റ് വഴിയും ബാംഗളൂരിലെ തെരഞ്ഞെടുത്ത് ഡീലര്‍ഷിലൂടെയോ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.  

ആദ്യം ബാംഗളൂരില്‍ മാത്രമാണ് സ്‌കൂട്ടര്‍ ലഭ്യമാവുകയുള്ളുവെങ്കിലും അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രതിമാസം 1,000 ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ടിവിഎസ് വ്ക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios