ടിവിഎസിന്‍റെ ഗിയര്‍രഹിത സ്‌കൂട്ടറായ ജുപ്പീറ്ററിന്‍റെ ഉയര്‍ന്ന വകഭേദം ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തി. ബ്ലൂടൂത്ത് കണക്ടിവിറ്റിയും പുത്തന്‍ നിറക്കൂട്ടുകളുമായി മടങ്ങിയെത്തിയ വാഹനത്തിന് 62,436 രൂപയാണു ദില്ലി എക്സ് ഷോറൂം വില.

ഡിസ്‌ക് ബ്രേക്കോടെ മാത്രമാണ് പുത്തന്‍ ജുപ്പീറ്റര്‍ ഗ്രാന്‍ഡെ ലഭ്യമാവുക. ബ്ലൂടൂത്ത് കണ്‍സോള്‍ സഹിതമെത്തുന്ന വാഹനം ഈ ശ്രേണിയിലെ ഏറ്റവും വിലയേറിയ സ്‌കൂട്ടറുമായിരിക്കും. ടിവിഎസ് ജൂപ്പീറ്റര്‍ ഗ്രാന്‍ഡെ ഡിസ്‌ക് എസ്ബിടിയെ അപേക്ഷിച്ച് 2,446 രൂപയും ജുപ്പീറ്റര്‍ അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് 8,855 രൂപയും അധികമാണ് പുത്തന്‍ ഗ്രാന്‍ഡെയുടെ വില.

ബ്ലൂടൂത്ത് അധിഷ്ഠിത ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ആണു സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണം. വാഹന വേഗത്തിനും പിന്നിട്ട ദൂരവുമടക്കം ഒട്ടേറെ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ ലഭ്യമാവും. 

നിലവില്‍ മലിനീകരണ നിയന്ത്രണത്തില്‍ ബിഎസ് നാല് നിലവാരമുള്ള എന്‍ജിനോടെയാണ് ഗ്രാന്‍ഡെ എത്തിയിരിക്കുന്നത്. 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്‌കൂട്ടറിന്‍റെ ഹൃദയം. എട്ടു ബിഎച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും.  ദീപാവലി, നവരാത്രി ഉത്സവാഘോഷത്തിനു മുന്നോടിയായാണ് പുത്തന്‍ ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്.