Asianet News MalayalamAsianet News Malayalam

ടിവിഎസ് ജൂപ്പിറ്ററിന്‍റെ പുത്തന്‍ വേരിയന്‍റ് എത്തി

ജൂപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്

TVS Jupiter Sheet Metal White Variant Launched
Author
Mumbai, First Published Jan 13, 2021, 10:31 AM IST

രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ ജനപ്രിയവാഹനമാണ് ജൂപ്പിറ്റര്‍. ഇപ്പോഴിതാ ജൂപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  63,497 രൂപയാണ് ഈ സ്‍കൂട്ടറിന്റെ എക്സ്ഷോറൂം വില എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എൽഇഡി ഹെഡ്‌ലാമ്പ്, ഒരു മൊബൈൽ ചാർജിംഗ് പ്രൊവിഷൻ, 21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ഇരുവശത്തും 12 ഇഞ്ച് വീലുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ജുപ്പിറ്ററിന്റെ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. 1097 സിസി, എയർ-കൂൾഡ് എഞ്ചിനാണ് ടിവിഎസ് ജുപ്പിറ്ററിന്റെ ഹൃദയം. ഇത് 7,000 rpm-ൽ പരമാവധി 7.3 bhp പവറും 5,500 rpm-ൽ 8.4 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിവിടി ഗിയർബോക്‌സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്. കൂടാതെ, ടിവിഎസ് പേറ്റന്റുള്ള ഇക്കോനോമീറ്ററും ഇക്കോ മോഡ്, പവർ മോഡ് എന്നിവയും എഞ്ചിനിൽ ഒരുങ്ങുന്നു. ഹോണ്ട ആക്ടിവ 6G, ഹീറോ മാസ്ട്രോ എഡ്ജ് 110 എന്നിവയാണ് ഈ മോഡലിന് സെഗ്മെന്റിലെ മറ്റ് എതിരാളികൾ.

എന്നാൽ, വിൽപ്പനയ്‌ക്കെത്തുന്ന ജുപ്പിറ്ററിന്റെ ശ്രേണിയിലുടനീളം വില വർധനവും കമ്പനി പ്രഖ്യാപിച്ചു. റിപ്പോർട്ട് പ്രകാരം തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 1,645 രൂപ മുതൽ 2,770 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. ഷീറ്റ് മെറ്റൽ വീൽ പതിപ്പിന് നിലവിൽ 63,497 രൂപ ആണ് വില. ജുപ്പിറ്റർ സ്റ്റാൻഡേർഡിന് 65,497 രൂപ, ZX മോഡലിന് 68,247 രൂപ, ZX പതിപ്പിന് 72,347 രൂപ, ക്ലാസിക്കിന് 72,472 രൂപ എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹോണ്ട ആക്ടീവ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന സ്‌കൂട്ടറായ ജൂപ്പിറ്ററിന്‍റെ പുതിയ പതിപ്പിനെ അടുത്തിടെ ടിവിഎസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നവീകരിച്ച ഐ-ടച്ച് സ്റ്റാര്‍ട്ട് സാങ്കേതികവിദ്യയിലും, ഡിസ്‌ക് ബ്രേക്ക് സുരക്ഷയിലുമെത്തിയിട്ടുള്ള ടിവിഎസിന്റെ ഈ ജൂപിറ്ററിന്റെ ZX ഡിസ്‌ക് വേരിയന്റിന് 69,052 രൂപയാണ് ദില്ലി എക്‌സ്‌ഷോറും വില.

മാറ്റ് സ്റ്റാര്‍ലൈറ്റ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് ബ്ലൂ, റോയല്‍ വൈന്‍ തുടങ്ങിയ മൂന്ന് നിറങ്ങളിലാണ് ജൂപിറ്റര്‍ ZX ഡിസ്‌ക് വേരിയന്റ് എത്തുന്നത്. യാത്രാസുഖം ഉയര്‍ത്തുന്നതിനായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഷോക്ക് അബ്‌സോര്‍ബേഴ്‌സ് നല്‍കിയിട്ടുള്ളതും ജൂപിറ്റര്‍ ZX ഡിസ്‌ക് വേരിയന്റിന്റെ ഹൈലൈറ്റാണ്.

ശബ്ദരഹിതവും പെട്ടെന്നുള്ള സ്റ്റാര്‍ട്ടിങ്ങും ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ഐ-ടച്ച് സ്റ്റാര്‍ട്ട്. ഈ സാങ്കേതികവിദ്യ സ്‌കൂട്ടറിന്റെ ബാറ്ററി ആയുസ് വര്‍ധിപ്പിക്കുന്നതിനൊപ്പം 15 ശതമാനം അധിക ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

മാത്രമല്ല ജൂപ്പിറ്ററിന്റെ പുതിയ 125 സിസി മോഡല്‍ അണിയറയില്‍ ഒരുങ്ങുന്നതായും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെയ് മാസത്തോടെ പുതിയ മോഡല്‍ പുറത്തിറങ്ങും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  നിലവില്‍ 110 സിസി എഞ്ചിനില്‍ മാത്രമാണ് ജൂപ്പിറ്റര്‍ വിപണിയില്‍ എത്തുന്നത്. എന്‍ടോര്‍ഖ് എന്ന മോഡല്‍ മാത്രമാണ് 125 സിസി സെഗ്മെന്‍റില്‍ ടിവിഎസിന്  നിലവിലുള്ളത്. എന്നാല്‍ പ്രീമിയം സംവിധാനങ്ങള്‍ കാരണം എന്‍ടോര്‍ഖിന് താരതമ്യേന ഉയര്‍ന്ന വിലയാണുള്ളത്. അതുകൊണ്ടു തന്നെ പുതിയ 125 മോഡല്‍ എത്തുന്നതോടെ സ്‍കൂട്ടര്‍ വിപണിയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ടിവിഎസിന്‍റെ കണക്കുകൂട്ടല്‍. 

Follow Us:
Download App:
  • android
  • ios