Asianet News MalayalamAsianet News Malayalam

അങ്ങനെ ആ ഐക്കണിക്ക് ബ്രിട്ടീഷ് ബൈക്ക് കമ്പനി ഇനി ടിവിഎസിന് സ്വന്തം!

ഒടുവില്‍ ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിനെ സ്വന്തമാക്കി ഇന്ത്യയിലെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസ് മോട്ടോഴ്‍സ്. 

TVS Motor acquires iconic British bike company Norton
Author
Mumbai, First Published Apr 18, 2020, 2:37 PM IST

ഒടുവില്‍ ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിനെ സ്വന്തമാക്കി ഇന്ത്യയിലെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസ് മോട്ടോഴ്‍സ്. സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് ബിസിനസ് നിര്‍ത്തിവെച്ച കമ്പനിയെ ഏകദേശം 153 കോടി രൂപയ്ക്കാണ് (16 മില്ല്യണ്‍ പൗണ്ട്) ടിവിഎസ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നോര്‍ട്ടണ്‍ മോട്ടോസൈക്കിള്‍ കമ്പനിയുടെ ഉടമസ്ഥാവകാശവും ഏതാനും സ്വത്തുവകകളും ഏറ്റെടുത്തവയില്‍ പെടും.

1898-ല്‍ ബെര്‍മിങ്ങ്ഹാം ആസ്ഥാനമായി ആരംഭിച്ച നോര്‍ട്ടണ്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്ക് നിര്‍മ്മാതാക്കളാണ്. 
നോര്‍ട്ടണ്‍ ഏറ്റെടുത്തതോടെ ഇന്ത്യന്‍ വിപണിയില്‍ റെട്രോ സ്‌റ്റൈലിംഗ് ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് കഴിയും.  നോര്‍ട്ടണില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കമാന്‍ഡോ, ഡോമിനേറ്റര്‍, വി4 ആര്‍ആര്‍ എന്നീ മോഡലുകള്‍ക്കായി അവേശത്തോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഈ ബൈക്കുകളുടെ വിപണിക്കൊപ്പം ടിവിഎസിനും കൂടുതല്‍ രാജ്യങ്ങളില്‍ വിപണി തുറന്നുലഭിക്കും. 

ഈ കൂട്ടുകെട്ട് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ടിവിഎസ് അറിയിച്ചു.  ഡോമിനേറ്റര്‍ അല്ലെങ്കില്‍ കമാന്‍ഡോ അടിസ്ഥാനമാക്കി 300 സിസി സെഗ്മെന്റില്‍ ക്രൂസര്‍ അവതരിപ്പിച്ചാല്‍ റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിക്കാന്‍ കഴിയും. 

നിലവില്‍ ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡുമായി ടിവിഎസ് സഹകരിക്കുന്നുണ്ട്. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി ബിഎംഡബ്ല്യുവിന്റെ ഏറ്റവും ഏറ്റവും ചെറിയ ബൈക്കുകളായ ജി310ആര്‍, ജി310 ജിഎസ് എന്നീ മോഡലുകള്‍ ചെന്നൈയിലെ ടിവിഎസ് പ്ലാന്റിലാണ് നിര്‍മിച്ചത്.

കെടിഎം, ട്രൈംഫ്, ബിഎസ്എ, റോയല്‍ എന്‍ഫീല്‍ഡ്, ജാവ എന്നിവയ്ക്ക് പുറമെ, ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വരുന്ന ഇരുചക്ര വാഹനനിര്‍മാതാക്കളാണ് നോര്‍ട്ടണ്‍. കെടിഎം ഓഹരികളും അതുവഴി കെടിഎം, ഹസ്‌ക് വാര്‍ണ ബ്രാന്‍ഡുകളും ബജാജ് ഓട്ടോ നേരത്തെ സ്വന്തമാക്കിയിരുന്നു. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായും ബജാജ് ഓട്ടോ പങ്കാളിത്തം സ്ഥാപിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ – ഹീറോ മോട്ടോകോര്‍പ്പ് സഹകരണവും ചര്‍ച്ചകളിലാണ്. ബിഎസ്എയും ജാവയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കൈകളിലാണ് ഇപ്പോള്‍. 

Follow Us:
Download App:
  • android
  • ios