രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് വാറന്‍റിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി . 2020 ജൂലൈ 31 വരെയാണ് ഇവ രണ്ടും നീട്ടി നല്‍കിയിരിക്കുന്നത്.

നേരത്തെ 2020 ജൂണ്‍ 30 വരെയായിരുന്നു ഈ സേവനം പ്രഖ്യാപിച്ചിരുന്നത്. കൊവിഡ്-19 മഹാമാരിയുടെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

2020 മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഇതിനുപുറമേ, 18002587111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഉപഭോക്താക്കള്‍ക്ക് വിളിക്കാമെന്നും ചോദ്യങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

രാജ്യത്ത് ലോക്ക് ഡൌണ്‍ ആരംഭിച്ചത് മുതല്‍ തന്നെ ടിവിഎസ് ഉള്‍പ്പെടെയുള്ള നിരവധി വാഹന നിര്‍മ്മാതാക്കള്‍ വാറന്‍റി, സൗജന്യ സര്‍വീസ് കാലാവധികള്‍ നീട്ടി നല്‍കിയിരുന്നു.

ലോക്ക് ഡൌണിനു ശേഷം മെയ് 6 മുതലാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചത്. കര്‍ശനമായ സുരക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പാലിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് കമ്പനി ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും തുറന്നിരിക്കുന്നത്. പരിമിതമായ ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

നിലവിലെ സാഹചര്യത്തില്‍ കമ്പനി ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്. വാഹനം ബുക്ക് ചെയ്യുന്നതിനും, ടെസ്റ്റ് റൈഡ് നടത്തുന്നതിനും എല്ലാം സൗകര്യം ഓണ്‍ലൈന്‍ വഴി ഒരുക്കിയിട്ടുണ്ട്. ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനായിട്ടാണ് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.