Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ എണ്ണ വേണ്ടാ ടിവിഎസ് സ്‍കൂട്ടര്‍ കൊച്ചിയിലും

കൊച്ചിയിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ലഭ്യമായി തുടങ്ങിയതായി കമ്പനി അറിയിച്ചു.

TVS Motor Company launches the iQube Electric Scooter in Kochi
Author
Kochi, First Published Jul 24, 2021, 5:00 PM IST

കൊച്ചി:  പ്രമുഖ ഇരുചക്ര- ത്രിചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൊച്ചിയില്‍ അവതരിപ്പിച്ചു.  സംസ്ഥാന റോഡ് ഗതാഗത മന്ത്രി ശ്രീ ആന്റണി രാജുവും ടിവിഎസ് മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ സുദര്‍ശന്‍ വേണുവും ചേര്‍ന്നാണ് ടിവിഎസ് ഐക്യൂബ് പുറത്തിറക്കിയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കൊച്ചിയിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ലഭ്യമായി തുടങ്ങിയതായും 1,23,917 രൂപയാണ് വാഹനത്തിന്‍റെ ഓണ്‍ റോഡ് വിലയെന്നും കമ്പനി അറിയിച്ചു. ഫെയിം 2 സബ്‌സിഡിക്കു ശേഷം ഉള്ള വിലയാണിതെന്നും കമ്പനി വ്യക്തമാക്കി. 

ആധുനിക ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനും ടിവിഎസ് സ്‍മാര്‍ട്ട് എക്‌സ്‌കണക്ട് സംവിധാനവും പിന്തുണ നല്‍കുന്ന സൗകര്യപ്രദമായി റൈഡു ചെയ്യാവുന്ന ഹരിത നഗര സ്‌ക്കൂട്ടറാണ് ടിവിഎസ് ഐക്യൂബ് എന്ന് കമ്പനി പറയുന്നു. ആധുനിക ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനും പുതുതലമുറാ ടിവിഎസ് സ്‍മാര്‍ട്ട് എക്സ്‌കണക്ട് സംവിധാനവും സംയോജിപ്പിച്ചാണ് ടിവിഎസ് ഐക്യൂബ് അവതരിപ്പിക്കുന്നത്.  ബെംഗളൂരു, ദില്ലി, ചെന്നൈ, പൂനെ എന്നിവിടങ്ങളിലെ വിജയകരമായ പ്രതികരണങ്ങള്‍ക്കു ശേഷം തങ്ങള്‍ വൈദ്യുത സ്‌ക്കൂട്ടര്‍ കൊച്ചിയിലുമെത്തിക്കുകയാണെന്നും കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കാനാവുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ സുദര്‍ശന്‍ വേണു പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ റീട്ടെയില്‍ അനുഭവം ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളോടു കൂടിയാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഇക്കോസിസ്റ്റം നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ടിവിഎസ് ഐക്യൂബ് 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന്റെ പിന്‍ബലത്തില്‍ പ്രസരണ നഷ്ടമില്ലാതെ ഉയര്‍ന്ന ശക്തിയും പ്രകടനവും കാഴ്ച വെക്കും. 78 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ സ്‌ക്കൂട്ടര്‍ പൂര്‍ണമായി ചാര്‍ജു ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. 4.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ വേഗതയിലേക്കെത്താനാവുന്ന മികച്ച ആക്‌സിലറേഷനും ഇതിനുണ്ട്. 

പുതു തലമുറ ടിവിഎസ് സ്‍മാര്‍ട്ട് എക്‌സ്‌കണക്ട് സംവിധാനം, ആധുനിക ടിഎഫ്ടി ക്ലസ്റ്റര്‍, ടിവിഎസ് ഐക്യൂബ് ആപ്പ് എന്നിവയുമായാണ് ടിവിഎസ് ഐക്യൂബ് എത്തുന്നത്. ജിയോ ഫെന്‍സിങ്, വിദൂര ബാറ്ററി ചാര്‍ജ് സ്റ്റാറ്റസ്, നാവിഗേഷന്‍ സഹായം, ഒടുവില്‍ പാര്‍ക്ക് ചെയ്‍ത സ്ഥലം മനസിലാക്കല്‍, കോളുകളും എസ്എംഎസുകളും വരുന്നതിന്റെ അറിയിപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ആപ്പിലുണ്ട്.

ക്യൂ പാര്‍ക്ക് അസിസ്റ്റ്, ഇക്കോണമി, പവര്‍ മോഡുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം, രാത്രിയും പകലുമുള്ള ഡിസ്‌പ്ലെ, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയും ശബ്ദമില്ലാത്ത സൗകര്യപ്രദമായ റൈഡും ഇതു നല്‍കുന്നു.  ആകര്‍ഷകമായ വെളുത്ത നിറത്തില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് രൂപകല്‍പന ചെയ്‍തിട്ടുള്ളത്. സ്‍ഫടിക വ്യക്തതയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുഴുവന്‍ എല്‍ഇഡിയിലുള്ള ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന സ്‌പോര്‍ട്ട്‌സ് ലോഗോ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.

ബുക്കിങ് തുകയായ 5000 രൂപ നല്‍കി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഓണ്‍ലൈനായി ബുക്കു ചെയ്യാം. ബ്ലൂടൂത്ത് കണക്ടിവിറ്റി, തത്സമയ ചാര്‍ജിംഗ് സ്റ്റാറ്റസ്, ആര്‍എഫ്‌ഐഡിയോടു കൂടിയ സുരക്ഷയുമായി വീട്ടില്‍ ചാര്‍ജു ചെയ്യാനാവുന്ന സ്മാര്‍ട്ട്എക്‌സ്‌ഹോം എന്ന ശുപാര്‍ശ ചെയ്യപ്പെടുന്ന സംവിധാനം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. നിലവില്‍ കൊച്ചിയിലെ കൊച്ചിന്‍ ടിവിഎസില്‍ സ്‌ക്കൂട്ടറിനുള്ള ചാര്‍ജിങ് യൂണിറ്റുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് പട്ടണത്തില്‍ വിപുലമായ ചാര്‍ജിങ് സംവിധാനങ്ങള്‍ കമ്പനി വികസിപ്പിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona    

Follow Us:
Download App:
  • android
  • ios