കൊച്ചി: എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സ്. പ്രശസ്‍തമായ മാര്‍വല്‍ സൂപ്പര്‍ഹീറോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‍കൂട്ടറിനെ അവതരിപ്പിക്കുന്നത്.  ഇന്ത്യയിലെ ആദ്യത്തെ റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ (ആര്‍ടി-എഫ്‌ഐ) സാങ്കേതിവിദ്യയോടു കൂടിയ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക്കിന്റെ പ്രത്യേക സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് അവതരിപ്പിക്കാന്‍, ഡിസ്‌നി ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ബിസിനസുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

യഥാക്രമം അയണ്‍മാന്‍, ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഇന്‍വിന്‍സിബ്ള്‍ റെഡ്, സ്‌റ്റെല്‍ത്ത് ബ്ലാക്ക്, കോംബാറ്റ് ബ്ലൂ എന്നിങ്ങനെ ആകര്‍ഷകമായ മൂന്നു വകഭേദങ്ങളോടെയാണ് സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് എത്തുന്നത്. ഓരോ മാര്‍വല്‍ സൂപ്പര്‍ ഹീറോകളുമായും ബന്ധപ്പെട്ട വ്യക്തമായ സൂക്ഷ്മതകളും ഉത്പന്ന രൂപകല്‍പനയിലൂടെയാണ് പുതിയ പതിപ്പ് കൊണ്ടുവരുന്നതെന്നും താല്‍പ്പര്യമുള്ളവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതിന് പ്ലേ സ്മാര്‍ട്ട്, പ്ലേ എപിക് എന്ന കാമ്പയിന്‍ ടാഗ്‌ലൈനും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 85526 രൂപയാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പിന് കേരളത്തിലെ എക്‌സ്‌ഷോറൂം വില.

മാര്‍വല്‍ അവഞ്ചേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍സ്, സ്‌കൂട്ടേഴ്‌സ് ആന്റ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. ഈ സഹകരണത്തോടെ തങ്ങളുടെ ഇസഡ് ജനറേഷന്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ടായും വാഹനമോടിക്കാം. ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് ഒരു ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറെന്ന സവിശേഷതയോടെ 2018ല്‍ പുറത്തിറങ്ങിയ ടിവിഎസ് എന്‍ടോര്‍ക്ക് 125, ഇതിന് ശേഷം സമാനതകളില്ലാത്ത രൂപഭംഗിയും മികച്ച റേസിങ് പ്രകടനവും ഈ രംഗത്തെ ആദ്യ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്ത് മറ്റാരും നേടാത്ത സ്ഥാനമാണ് നേടുന്നതെന്നും പുതുമാറ്റത്തിന്റെ പര്യായമായി ബ്രാന്‍ഡ് മാറിയെന്നും കമ്പനി വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷം ടിവിഎസ് എന്‍ടോര്‍ക്ക് 125 അതിന്റെ പോര്‍ട്ട്‌ഫോളിയോയിലുടനീളം റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ വിദ്യ അവതരിപ്പിച്ചിരുന്നു. ഈ പരിണാമം തുടരുന്നതോടൊപ്പം ഇസഡ് ജനറേഷനായ പുതുതലമുറ ഉപഭോക്താക്കളെ ആനന്ദിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇസഡ് ജനറേഷനെ സംബന്ധിച്ചിടത്തോളം മാര്‍വല്‍ യൂണിവേഴ്‌സ് ഒരു ശക്തമായ ഇഷ്ടമേഖലയാണ്. മാര്‍വല്‍ അവഞ്ചേഴ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കുന്നതോടെ ടിവിഎസ് എന്‍ടോര്‍ക് 125 പുതിയ വഴിത്തിരിവാണ് സൃഷ്ടിക്കുന്നതെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.