രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സിന്‍റെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്‍പായിരുന്നു എന്‍ടോര്‍ഖ്.  ഇപ്പോള്‍ ഇന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലെ തന്നെ ജനപ്രിയ മോഡലായ ഈ സ്‌കൂട്ടറിന്റെ വില തുടരെ കൂട്ടുകയാണ് കമ്പനി.

2020 മാർച്ചിൽ ബിഎസ്6 മോഡൽ വിപണിയിലെത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് വില വർധനവ്. ഓഗസ്റ്റ് ആദ്യ വാരം 1,000 രൂപ കൂട്ടിയതിനു ശേഷം ഇപ്പോള്‍ 500 രൂപയാണ് കൂട്ടിയിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലായി എത്തുന്ന സ്കൂട്ടറിന്റെ ഡ്രം ബ്രേക്ക് പതിപ്പിന് ഇനി മുതൽ 68,385 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. 

അതേസമയം ഡിസ്‌ക് ബ്രേക്ക് മോഡലിന് 72,385 രൂപയും ഉയർന്ന റേസ് എഡിഷൻ വേരിയന്റിന് 74,865 രൂപയുമാണ് ഇനി എക്സ്ഷോറൂം വിലയായി നൽകേണ്ടത്.  ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത്തുന്ന മോഡലിന് 124.8 സിസി എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 7,000 rpm-ല്‍ 9.25 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ടി‌വി‌എസ് അടുത്തിടെ എൻ‌ടോർഖ് 125 റേസ് എഡിഷന്റെ പുതിയ യെല്ലോ-ബ്ലാക്ക് പെയിന്റ് സ്കീം പുറത്തിറക്കിയിരുന്നു.

2014ലെ ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അവതരിപ്പിച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ എന്‍ടോര്‍ഖിനെ 2018 ഫെബ്രുവരിയിലായിരുന്നു ടിവിഎസ് വിപണിക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ യുവതലമുറയെ ലക്ഷ്യമിട്ടെത്തിയ ഈ വാഹനം നിരത്തിലെത്തി ഏഴ് മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് നിര്‍ണായക നേട്ടം സ്വന്തമാക്കിയിരുന്നു. 

ശ്രേണിയിലെ തന്നെ ആദ്യ എല്‍സിഡി സ്‌ക്രീനുമായി എത്തിയ മോഡലാണ് എന്‍ടോര്‍ഖ്. ബ്ലൂടൂത്ത് അധിഷ്‍ഠിതമായ പൂര്‍ണ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടിവിഎസ് സ്‍മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, റൈഡ് സ്ഥിതി വിവരങ്ങള്‍, 0-60 കിലോമീറ്റര്‍ / മണിക്കൂര്‍ ആക്‌സിലറേഷന്‍ ടൈമര്‍, ലാപ് ടൈമര്‍, പവര്‍ / ഇക്കോ മോഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഫീച്ചറുകളും എന്‍ടോര്‍ഖിനെ വേറിട്ടതാക്കുന്നു.