Asianet News MalayalamAsianet News Malayalam

മോഹവില, എന്‍ടോര്‍ക്ക് 125 റേസ് എക്‌സ്‍പി അവതരിപ്പിച്ച് ടിവിഎസ്

എന്‍ടോര്‍ക്ക് 125 റേസ് എക്‌സ്‍പി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി

TVS NTORQ 125 Race XP launched
Author
Mumbai, First Published Jul 11, 2021, 9:35 PM IST

രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സിന്‍റെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്‍പായിരുന്നു എന്‍ടോര്‍ഖ്.  ഇപ്പോഴിതാ എന്‍ടോര്‍ക്ക് 125 റേസ് എക്‌സ്‍പി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 83,275 രൂപയാണ് ഈ വകഭേദത്തിന്റെ വിലയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിമുതൽ ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ എന്നിവ ഉള്‍പ്പെടെ ആകെ അഞ്ച് വകഭേദങ്ങളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 വാങ്ങാം.

റേസ് എക്‌സ്പി വേര്‍ഷന് മറ്റ് വേരിയന്റുകളേക്കാള്‍ ഭാരം കുറഞ്ഞതാണെന്ന് കമ്പനി പറയുന്നു. എന്നാൽ, കര്‍ബ് വെയ്റ്റ് എത്രയെന്ന് വെളിപ്പെടുത്തിയില്ല. റേസ് എക്‌സ്പി മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി എന്‍ജിന്‍ പരിഷ്‌കാരങ്ങളോടെയാണ് എത്തുന്നത്. 7,000 ആര്‍പിഎമ്മില്‍ 10.2 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.8 എന്‍എം ടോര്‍ക്കും ഈ എൻജിൻ പരമാവധി ഉല്‍പ്പാദിപ്പിക്കും. മറ്റ് വേരിയന്റുകളേക്കാള്‍ 0.8 എച്ച്പി കരുത്തും 0.3 എന്‍എം ടോര്‍ക്കും വര്‍ധിച്ചു.

മണിക്കൂറില്‍ 98 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. റേസ് മോഡില്‍ മികച്ച ആക്‌സെലറേഷന്‍ ലഭിക്കുമെന്ന് ടിവിഎസ് പറയുന്നു. കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാൻ കുറഞ്ഞ വേഗതകളില്‍ സ്ട്രീറ്റ് എന്ന മറ്റ് റൈഡിംഗ് മോഡ് ഉപയോഗിക്കുന്നതാണ് ഉചിതം. ‘ടിവിഎസ് കണക്റ്റ്’ മൊബീല്‍ ആപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസ് കൂടി ഈ സ്‍കൂട്ടറിനായി ടിവിഎസ് പരിഷ്‌കരിച്ചു. പുതിയ ത്രീ ടോണ്‍ കളര്‍ സ്‌കീം, ചുവന്ന അലോയ് വീലുകള്‍ എന്നിവയും ലഭിച്ചു.

2014ലെ ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അവതരിപ്പിച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ എന്‍ടോര്‍ഖിനെ 2018 ഫെബ്രുവരിയിലായിരുന്നു ടിവിഎസ് വിപണിക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ യുവതലമുറയെ ലക്ഷ്യമിട്ടെത്തിയ ഈ വാഹനം നിരത്തിലെത്തി ഏഴ് മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് നിര്‍ണായക നേട്ടം സ്വന്തമാക്കിയിരുന്നു. 

ശ്രേണിയിലെ തന്നെ ആദ്യ എല്‍സിഡി സ്‌ക്രീനുമായി എത്തിയ മോഡലാണ് എന്‍ടോര്‍ഖ്. ബ്ലൂടൂത്ത് അധിഷ്‍ഠിതമായ പൂര്‍ണ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടിവിഎസ് സ്‍മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, റൈഡ് സ്ഥിതി വിവരങ്ങള്‍, 0-60 കിലോമീറ്റര്‍ / മണിക്കൂര്‍ ആക്‌സിലറേഷന്‍ ടൈമര്‍, ലാപ് ടൈമര്‍, പവര്‍ / ഇക്കോ മോഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഫീച്ചറുകളും എന്‍ടോര്‍ഖിനെ വേറിട്ടതാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios