സിപിഎമ്മിലെ വ്യക്തിപൂജാ വിവാദങ്ങളിൽ പ്രതികരണവുമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്. പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയല്ലെന്നും ജനങ്ങൾ പ്രിയപ്പെട്ട നേതാക്കളെ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമം കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കാരാട്ട് ആരോപിച്ചു

കൊച്ചി: സി പി എമ്മിലെ വ്യക്തിപൂജാ വിവാദങ്ങളിൽ വ്യക്തത വരുത്തി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പ്രകാശ് കാരാട്ട്. എൽ ഡ‍ി എഫിന്‍റെ പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയാണെന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു വ്യക്തിയെയും പരമോന്നത നേതാവായി അവരോധിക്കുന്ന രീതിയോ വ്യക്തിപൂജയോ നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചില സന്ദർഭങ്ങളിൽ ജനങ്ങൾ തങ്ങൾക്ക് പ്രിയപ്പെട്ട നേതാക്കളെ കൂടുതൽ ജനകീയമായി സ്വീകരിക്കാറുണ്ടെന്നും അത് ജനാധിപത്യപരമായ പ്രക്രിയയുടെ ഭാഗമാണെന്നും കാരാട്ട് കൂട്ടിച്ചേർത്തു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കവെയായിരുന്നു സി പി എം മുൻ ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. എല്ലായിടത്തും മുഖ്യമന്ത്രിയുടെ മാത്രം ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോടായിരുന്നു കാരാട്ടിന്‍റെ പ്രതികരണം.

എഫ് സി ആർ എയിൽ കേന്ദ്രത്തിന് വിമർശനം

വിദേശ സംഭാവന നിയന്ത്രണ നിയമം ( എഫ് സി ആർ എ ) ബി ജെ പി സർക്കാർ രാഷ്ട്രീയ ആയുധമായി ദുരുപയോഗം ചെയ്യുകയാണെന്നും കാരാട്ട് ആരോപിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വിദേശ പണം വരുന്നത് തടയാനാണ് പണ്ട് ഈ നിയമം കൊണ്ടുവന്നതെന്നും അന്ന് എല്ലാവരും അതിനെ പിന്തുണച്ചിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ പുതിയ ഭേദഗതികൾ സർക്കാരിന്റെ ഏകധിപത്യ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. ഇത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ദോഷകരമായി ബാധിക്കുമെന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പ്രകാശ് കാരാട്ട് വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം