Asianet News MalayalamAsianet News Malayalam

മഞ്ഞക്കിളിയായി മൂളി വരുന്നുണ്ടേ, പുത്തന്‍ എന്‍ടോര്‍ഖ്!

ഇന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലെ തന്നെ ജനപ്രിയ മോഡലായ ഈ സ്‌കൂട്ടറിന് പുത്തന്‍ കളര്‍ ഓപ്ഷന്‍ കൂടി നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനി

TVS Ntorq Race Edition In Yellow Paint Scheme
Author
Mumbai, First Published Aug 10, 2020, 10:31 AM IST

രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സിന്‍റെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്‍പായിരുന്നു എന്‍ടോര്‍ഖ്.  ഇപ്പോള്‍ ഇന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലെ തന്നെ ജനപ്രിയ മോഡലായ ഈ സ്‌കൂട്ടറിന് പുത്തന്‍ കളര്‍ ഓപ്ഷന്‍ കൂടി നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ യെല്ലോ റേസ് എഡിഷൻ മോഡൽ കൂടിയാണ് കമ്പനി സമ്മാനിക്കുന്നത്. 

നേരത്തെ റെഡ് റേസ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ച് വന്‍ വിജയം നേടിയിരുന്നു കമ്പനി. ഈ സാഹചര്യത്തിലാണ് പുത്തന്‍ കളറിലും വാഹനം എത്തുന്നത്. പുതിയ യെല്ലോ റേസ് എഡിഷനില്‍ യെല്ലോ, ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനായിരിക്കും അണിനിരക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കളര്‍ ഓപ്ഷനിലെ കൂട്ടിച്ചേര്‍ക്കലിനു പിന്നാലെ 125 സിസി സ്‌കൂട്ടറില്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല. ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത്തുന്ന മോഡലിന് 124.8 സിസി എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 7,000 rpm-ല്‍ 9.25 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 
നിലവിൽ വിപണിയിൽ ഉള്ള എൻ‌ടോർഖ് റേസ് എഡിഷന് 74,365 രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ വേരിയന്റിനും സമാനമായ വില ലഭിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രേണിയിലെ തന്നെ ആദ്യ എല്‍സിഡി സ്‌ക്രീനുമായി എത്തിയ മോഡലാണ് എന്‍ടോര്‍ഖ്. ബ്ലൂടൂത്ത് അധിഷ്‍ഠിതമായ പൂര്‍ണ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടിവിഎസ് സ്‍മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, റൈഡ് സ്ഥിതി വിവരങ്ങള്‍, 0-60 കിലോമീറ്റര്‍ / മണിക്കൂര്‍ ആക്‌സിലറേഷന്‍ ടൈമര്‍, ലാപ് ടൈമര്‍, പവര്‍ / ഇക്കോ മോഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഫീച്ചറുകളും എന്‍ടോര്‍ഖിനെ വേറിട്ടതാക്കുന്നു.

2014ലെ ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അവതരിപ്പിച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ എന്‍ടോര്‍ഖിനെ 2018 ഫെബ്രുവരിയിലായിരുന്നു ടിവിഎസ് വിപണിക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ യുവതലമുറയെ ലക്ഷ്യമിട്ടെത്തിയ ഈ വാഹനം നിരത്തിലെത്തി ഏഴ് മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് നിര്‍ണായക നേട്ടം സ്വന്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios