Asianet News Malayalam

ബ്രിട്ടീഷ് ബൈക്ക് കമ്പനിക്ക് പുതിയ അധികാരികളെ നിയമിച്ച് ഇന്ത്യന്‍ കമ്പനി!

നോര്‍ട്ടണു വേണ്ടി പുതിയ നേതൃത്വത്തെ നിയമിച്ചിരിക്കുകയാണ് ടിവിഎസ് 

TVS owned Norton Motorcycle announces leadership changes
Author
Mumbai, First Published May 15, 2021, 11:16 AM IST
  • Facebook
  • Twitter
  • Whatsapp

ബ്രിട്ടീഷ് ബൈക്ക് കമ്പനിക്ക് പുതിയ അധികാരികളെ നിശ്‍ചയിച്ച് ഇന്ത്യന്‍ കമ്പനി!
ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്രവാഹന ബ്രാന്‍ഡായ നോര്‍ട്ടണ്‍ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ ടിവിഎസിന്‍റെ കൈകളിലാണ്. ഇപ്പോഴിതാ നോര്‍ട്ടണു വേണ്ടി പുതിയ നേതൃത്വത്തെ നിയമിച്ചിരിക്കുകയാണ് ടിവിഎസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  ദ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് കമ്പനി ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. റോബര്‍ട്ട് ഹെന്റ്‌ഷെലിനെയും ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി വിട്ടോറിയോ ഉര്‍സിയോലിയെയും ടിവിഎസ് മോട്ടോര്‍ കമ്പനി നിയമിച്ചതായി ഇക്കമോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാല്‍മറ്റ് ഓട്ടോമോട്ടീവ് ഹോള്‍ഡിംഗ് കമ്പനിയില്‍നിന്നാണ് ഡോ. റോബര്‍ട്ട് ഹെന്റ്‌ഷെല്‍ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സില്‍ ചേരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാല്‍മറ്റില്‍ 2017 മുതല്‍ മാനേജിംഗ് ഡയറക്റ്ററായിരുന്നു. ഇതിനുമുമ്പ് റിക്കാര്‍ഡോ ഡച്ച്‌ലന്‍ഡ് ആന്‍ഡ് ഹെന്റ്‌ഷെല്‍ സിസ്റ്റത്തിന് നേതൃത്വം നല്‍കി. ലോട്ടസ് എന്‍ജിനീയറിംഗ് ഡയറക്റ്റര്‍ കൂടിയായിരുന്നു. ഉര്‍വി ലിമിറ്റഡ് ഡയറക്റ്റര്‍, ലോട്ടസ് കാര്‍സ് പവര്‍ട്രെയ്ന്‍ വിഭാഗം മേധാവി, ഫെറാറി, അപ്രീലിയ റേസിംഗ് എന്നിവയുടെ പ്രൊജക്റ്റ് ലീഡര്‍ എന്നീ നിലകളിലാണ് ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തില്‍ വിട്ടോറിയോ ഉര്‍സിയോലി ഇതിനുമുമ്പ് പ്രവര്‍ത്തിച്ചത്.

നോര്‍ട്ടണ്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ജോണ്‍ റസല്‍ സ്ഥാനമൊഴിയുന്നതോടെ ഇരുവരും ചുമതലയേല്‍ക്കും.  സോളിഹളില്‍ പുതുതായി ആഗോള ഡിസൈന്‍, എന്‍ജിനീയറിംഗ്, ഉല്‍പ്പാദന, വില്‍പ്പന, വിപണന ആസ്ഥാനം ആരംഭിച്ചു. 

1898-ല്‍ ബെര്‍മിങ്ങ്ഹാം ആസ്ഥാനമായി ആരംഭിച്ച നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്ക് നിര്‍മ്മാതാക്കളാണ്. 2020 ഏപ്രില്‍ മാസത്തിലാണ് നോര്‍ട്ടണ്‍ ടിവിഎസ് മോട്ടോഴ്‍സ് സ്വന്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് ബിസിനസ് നിര്‍ത്തിവെച്ച കമ്പനിയെ ഏകദേശം 153 കോടി  (16 മില്ല്യണ്‍ പൗണ്ട്) മുടക്കിയാണ് ടിവിഎസ് ഏറ്റെടുത്തത്. ഇരുചക്ര വാഹനലോകത്ത് അടുത്തിടെ നടന്ന ഏറ്റവും ഹോട്ട് ഡീലായിരുന്നു ടിവിഎസിന്‍റെ നോര്‍ട്ടണ്‍ ഏറ്റെടുക്കല്‍. ബ്രിട്ടീഷ് ബ്രാൻഡിനെ അതേപടി നിലനിർത്താനാണ് ടിവിഎസിന്റെ പദ്ധതി എന്ന് കമ്പനി കഴിഞ്ഞവര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നു. 

അതേസമയം നോർട്ടന്‍ ബ്രാന്‍ഡിലുള്ള മോട്ടോര്‍ സൈക്കിളുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവിഎസ് എന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ മുന്നോടിയായി ഇന്ത്യന്‍ നിരത്തുകള്‍ക്കായി നോര്‍ട്ടണ്‍ നാല് വാഹനങ്ങള്‍ക്ക് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നോർട്ടൻ അറ്റ്ലസ്, നോർട്ടൻ കമാൻഡോ, നോർട്ടൻ മാൻക്സ്, നോർട്ടൻ ഫാസ്റ്റ്ബാക് തുടങ്ങിയ പേരുകൾ ടിവിഎസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്‍തതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്നാല്‍ ഈ ബൈക്കുകള്‍ എപ്പോള്‍ വിപണിയില്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios