Asianet News MalayalamAsianet News Malayalam

നോർട്ടണ്‍ മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ടിവിഎസ്

നോർട്ടന്‍ ബ്രാന്‍ഡിലുള്ള മോട്ടോര്‍ സൈക്കിളുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവിഎസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

TVS Plans To Launch Norton Motorcycles In India
Author
Mumbai, First Published May 14, 2021, 4:06 PM IST

2020 ഏപ്രില്‍ മാസത്തിലാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിനെ ഇന്ത്യയിലെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസ് മോട്ടോഴ്‍സ് സ്വന്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് ബിസിനസ് നിര്‍ത്തിവെച്ച കമ്പനിയെ ഏകദേശം 153 കോടി രൂപയ്ക്കാണ് (16 മില്ല്യണ്‍ പൗണ്ട്) ടിവിഎസ് ഏറ്റെടുത്തിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഇപ്പോഴിതാ നോർട്ടന്‍ ബ്രാന്‍ഡിലുള്ള മോട്ടോര്‍ സൈക്കിളുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവിഎസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ മുന്നോടിയായി ഇന്ത്യന്‍ നിരത്തുകള്‍ക്കായി നോര്‍ട്ടണ്‍ നാല് വാഹനങ്ങള്‍ക്ക് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നോർട്ടൻ അറ്റ്ലസ്, നോർട്ടൻ കമാൻഡോ, നോർട്ടൻ മാൻക്സ്, നോർട്ടൻ ഫാസ്റ്റ്ബാക് തുടങ്ങിയ പേരുകൾ ടിവിഎസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്‍തതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്നാല്‍ ഈ ബൈക്കുകള്‍ എപ്പോള്‍ വിപണിയില്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.

ഇരുചക്ര വാഹനലോകത്ത് അടുത്തിടെ നടന്ന ഏറ്റവും ഹോട്ട് ഡീലായിരുന്നു ടിവിഎസിന്‍റെ നോര്‍ട്ടണ്‍ ഏറ്റെടുക്കല്‍. ബ്രിട്ടീഷ് ബ്രാൻഡിനെ അതേപടി നിലനിർത്താനാണ് ടിവിഎസിന്റെ പദ്ധതി എന്ന് കമ്പനി കഴിഞ്ഞവര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നു. 

1898-ല്‍ ബെര്‍മിങ്ങ്ഹാം ആസ്ഥാനമായി ആരംഭിച്ച നോര്‍ട്ടണ്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്ക് നിര്‍മ്മാതാക്കളാണ്. നോര്‍ട്ടണ്‍ ഏറ്റെടുത്തതോടെ ഇന്ത്യന്‍ വിപണിയില്‍ റെട്രോ സ്‌റ്റൈലിംഗ് ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് കഴിയും.  നോര്‍ട്ടണില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കമാന്‍ഡോ, ഡോമിനേറ്റര്‍, വി4 ആര്‍ആര്‍ എന്നീ മോഡലുകള്‍ക്കായി അവേശത്തോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഈ ബൈക്കുകളുടെ വിപണിക്കൊപ്പം ടിവിഎസിനും കൂടുതല്‍ രാജ്യങ്ങളില്‍ വിപണി തുറന്നുലഭിക്കും. 

നിലവില്‍ ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡുമായി ടിവിഎസ് സഹകരിക്കുന്നുണ്ട്. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി ബിഎംഡബ്ല്യുവിന്റെ ഏറ്റവും ഏറ്റവും ചെറിയ ബൈക്കുകളായ ജി310ആര്‍, ജി310 ജിഎസ് എന്നീ മോഡലുകള്‍ ചെന്നൈയിലെ ടിവിഎസ് പ്ലാന്റിലാണ് നിര്‍മിച്ചത്.

കെടിഎം, ട്രൈംഫ്, ബിഎസ്എ, റോയല്‍ എന്‍ഫീല്‍ഡ്, ജാവ എന്നിവയ്ക്ക് പുറമെ, ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വരുന്ന ഇരുചക്ര വാഹനനിര്‍മാതാക്കളാണ് നോര്‍ട്ടണ്‍. കെടിഎം ഓഹരികളും അതുവഴി കെടിഎം, ഹസ്‌ക് വാര്‍ണ ബ്രാന്‍ഡുകളും ബജാജ് ഓട്ടോ നേരത്തെ സ്വന്തമാക്കിയിരുന്നു. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായും ബജാജ് ഓട്ടോ പങ്കാളിത്തം സ്ഥാപിച്ചു. ബിഎസ്എയും ജാവയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കൈകളിലാണ് ഇപ്പോള്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ – ഹീറോ മോട്ടോകോര്‍പ്പും തമ്മിലും ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios