രാജ്യത്തെ ആഭ്യന്തര ഇരുചക്ര നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ബിഎസ് 6 നിലവാരത്തിലുള്ള സെസ്റ്റ് 110  വിപണിയില്‍ അവതരിപ്പിച്ചു. ഹിമാലയൻ ഹൈ സീരീസ്, മാറ്റ് സീരീസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന ബിഎസ്6 ടിവിഎസ് സ്‍കൂട്ടി സെസ്റ്റ് 110-ന് 58,460 രൂപയാണ് എക്‌സ്-ഷോറൂം വില. ബിഎസ്4 സ്കൂട്ടി സെസ്റ്റ് മോഡലുമായി താരതമ്യം ചെയ്യുമ്പോൾ പുത്തൻ മോഡലിന് 6,000 രൂപയോളം കൂടും.  സെസ്റ്റ് 110 ബിഎസ് 4ന്  52,525 രൂപയായിരുന്നു വില. 

റെഡ്, ബ്ലൂ, പർപ്പിൾ, ബ്ലാക്ക്, യെല്ലോ, ടോർക്വിസ് ബ്ലൂ എന്നിങ്ങനെ ആറു നിറങ്ങളിൽ ബിഎസ്6 ടിവിഎസ് സ്‍കൂട്ടി സെസ്റ്റ് 110 ലഭ്യമാണ്. നിലവിലെ ബിഎസ്4 സ്‍കൂട്ടി സെസ്റ്റിലെ 110 സിസി എൻജിൻ തന്നെയാണ് ബിഎസ്6 മോഡലിന്‍റെയും ഹൃദയം. എന്നാല്‍ ഈ എഞ്ചിനൊപ്പം ഇക്കോത്രസ്റ്റ് ഫ്യുവൽ ഇൻജെക്ഷൻ (ET-Fi) സാങ്കേതികവിദ്യ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ വാഹനത്തിന്‍റെ പവർ 7.8 ബിഎച്പിയിൽ നിന്ന് 7.7 ബിഎച്പി ആയി കുറഞ്ഞു, ടോർക്ക്  8.4 എൻഎമ്മിൽ നിന്നും 8.8 എൻഎം ആയി കൂടുകയും ചെയ്‍തു.

വലിപ്പം കൂടിയ സീറ്റുകൾ, ട്യൂബ് ലെസ്സ് ടയറുകൾ, ടെലിസ്‍കോപിക് മുൻ സസ്‌പെൻഷനും ഹൈഡ്രോളിക് പിൻ സസ്‌പെൻഷനും, 19 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവ മാറ്റമില്ലാതെ തുടരുന്നു. എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളും ടെയിൽ ലാമ്പുകളുമാണ് ടിവിഎസ് സ്കൂട്ടി സെസ്റ്റ് 110-ന്റെ മറ്റൊരു ആകർഷണം. സ്കൂട്ടറിന്റെ ഇരു ടയറുകൾക്കും ഡ്രം ബ്രെയ്ക്കുകളാണ്.

ടിവിഎസ് സ്‍കൂട്ടി നിരയിലെ മറ്റൊരു മോഡൽ ആയ സ്‍കൂട്ടി പെപ് പ്ലസിന്റെ പരിഷ്‍കരിച്ച മോഡൽ ഏപ്രിലിൽ തന്നെ വിപണയില്‍ എത്തിയിരുന്നു.