രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരാണ് ദക്ഷിണേന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിവിഎസ് മോട്ടോഴ്‍സ്. കമ്പനിയുടെ ഒരു കിടിലന്‍ ബൈക്കിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോള്‍ രാജ്യത്തെ വാഹന പ്രേമികള്‍.

2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രൂയിസര്‍ കണ്‍സെപ്റ്റായ സെപ്ലിനായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിവിഎസിന്റെ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കോണ്‍സെപ്റ്റാണ് സെപ്‌ലിന്‍. സ്പോര്‍ട്ടി രൂപമാണ് ഈ ക്രൂയിസര്‍ കണ്‍സെപ്റ്റിനുണ്ടായിരുന്നത്.  ഉടന്‍ നിരത്തിലെത്തിയേക്കാവുന്ന പ്രൊഡക്ഷന്‍ സ്പെക്കിനും വലിയ മാറ്റമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

220 സിസി എഞ്ചിനാണ് സെപ്‌ലിന്റെ ഹൃദയം. 48V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് 220 സിസി എഞ്ചിന് വേണ്ട ശക്തി നല്‍കുന്നത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ 20 ശതമാനത്തോളം അധിക ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ഈ മോട്ടോറിന് കഴിയും.  

ഇ-ബൂസ്റ്റ് ഓപ്ഷനോട് കൂടിയ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററാണ് സെപ്‌ലിന്റെ മറ്റൊരു പ്രത്യേകത. ടിവിഎസ് പേറ്റന്റ് നേടിയ ടെക്‌നോളജിയാണ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍. ഇ-ബൂസ്റ്റ് മുഖേന മോട്ടോര്‍സൈക്കിളിനെ അതിവേഗം പ്രവര്‍ത്തിപ്പിക്കാം. പ്രകടനത്തിനൊപ്പം ഇന്ധനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇബൂസ്റ്റ് സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് ടിവിഎസ് പറയുന്നത്.

ബെല്‍റ്റ് ഡ്രൈവ് സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനം. അഗ്രസീവ് റൈഡിംഗ് പൊസിഷനാണ് സെപ്‌ലിന്‍ കാഴ്ചവെക്കുന്നത്. താഴ്ന്ന ബാറുകളും മുന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന ഫൂട്ട് പെഗുകളും ദീര്‍ഘദൂര റൈഡുകള്‍ക്ക് അനുയോജ്യമാണ്.

ഭാരം കുറഞ്ഞ ട്യൂബ്ലെസ് സ്പോക്ക് വീലുകള്‍, 41 മില്ലിമീറ്റര്‍ അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയും ഇതിലുണ്ട്. എല്‍.ഇ.ഡി ലൈറ്റുകളാണ് മുഴുവനായുമുള്ളത്. സ്മാര്‍ട്ട് ബയോകീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വാഹനത്തെ സ്‍മാര്‍ട്ടാക്കുന്നു.

മാറ്റ് ബ്ലാക്ക്, റസ്റ്റിക് ബ്രൗണ്‍ എന്നീ നിറങ്ങളിലാവും സെപ്ലിന്‍ എത്തുക. അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒതുങ്ങിയ ഹെഡ്ലൈറ്റ് എന്നിവ ഡിസൈന്‍ സവിശേഷതകളാണ്. സാഹസികയാത്രകള്‍ പകര്‍ത്താനായി ഇന്റഗ്രേറ്റഡ് എച്ച്ഡി ക്യാമറയും മോട്ടോര്‍സൈക്കിളിലുണ്ട്.

2020 ജനുവരിയില്‍ വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നും ഇതിന്‍റെ എക്‌സ്‌ഷോറൂം വില ഏകദേശം 1.20 ലക്ഷം രൂപയിൽ ആരംഭിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും ഓട്ടോ എക്സ്‍പോകളില്‍ പങ്കുവയ്ക്കുന്ന ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനുള്ള ടിവിഎസിന്‍റെ മിടുക്ക് പേരു കേട്ടതാണ്. 2016 എക്‌സ്‌പോയിൽ കണ്ട അക്കുല എന്ന ആശയം കഴിഞ്ഞ വർഷം അപ്പാച്ചെ ആർആർ 310 ആയി നിരത്തിലെത്തിയതു തന്നെ ഇതിനു തെളിവ്. അതുകൊണ്ടു തന്നെയാണ് ഏറെ പ്രതീക്ഷയോടെ വാഹനപ്രേമികള്‍ കാത്തിരിക്കുന്നതും.