Asianet News MalayalamAsianet News Malayalam

കട പൂട്ടി; കോടികളുടെ ഈ ടൂവീലറുകള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ ഡീലര്‍മാര്‍!

2020 ഏപ്രില്‍ ഒന്നിന് മുമ്പ് വിറ്റുതീര്‍ക്കേണ്ട കോടികളുടെ ബിഎസ്-4 ഇരുചക്ര വാഹനങ്ങളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത് 

Two Wheeler Dealers Struggling To Clear BS4 Stocks Coronavirus Pandemic
Author
Mumbai, First Published Mar 25, 2020, 12:27 PM IST

കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ ഇരുചക്രവാഹന ഡീലര്‍മാരുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്. 2020 ഏപ്രില്‍ ഒന്നിന് മുമ്പ് വിറ്റുതീര്‍ക്കേണ്ട കോടികളുടെ ബിഎസ്-4 വാഹനങ്ങളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്ത് 8,35,000 ബിഎസ്-4 എന്‍ജിന്‍ ടൂവീലറുകളാണ് ഇനിയും വിറ്റഴിക്കാനുള്ളത് എന്നാണ് കണക്കുകള്‍. ഏകദേശം 4600 കോടി രൂപയോളം വരും ഇവയുടെ ഏകദേശ മതിപ്പു വില. ഇതില്‍ ഭൂരിഭാഗവും ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നിന് ശേഷം ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കില്ല. 

അതുകൊണ്ടു തന്നെ വലിയ ആനുകൂല്യങ്ങള്‍ നല്‍കി സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലായിരുന്നു വിവിധ കമ്പനികളും ഡീലര്‍മാരുമൊക്കെ.  അതിനിടെ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഈ വാഹനങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായി. 

അതേസമയം, ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ച്ച് 31 എന്ന സമയപരിധി നീട്ടിനല്‍കുന്നതിനായി ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ അസോസിയേഷനും ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട ടൂവീലേഴ്‌സ് എന്നീ കമ്പനികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 

കോടതിയില്‍ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കമ്പനികളുടെ നീക്കം. നേപ്പാളിലും, ആഫ്രിക്കൻ  രാജ്യങ്ങളിലും ഇപ്പോഴും ബിഎസ്-4 അല്ലെങ്കില്‍ യൂറോ-4 നിലവാരത്തിലുള്ള വാഹനങ്ങളാണ് ഉള്ളത്.

മുന്‍ മാസങ്ങളില്‍ വാഹനമേഖലയിലുണ്ടായ മാന്ദ്യത്തെ തുടര്‍ന്നാണ് സ്റ്റോക്ക് ഇത്രയും കൂടാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. 

Follow Us:
Download App:
  • android
  • ios