പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ വാഹനത്തിന് പെര്‍മിറ്റ് എടുക്കുന്നതിന് വാഹനത്തേക്കാള്‍ കൂടുതല്‍ പണം മുടക്കേണ്ടി വന്നാലോ? എന്നാല്‍ ഇങ്ങനൊരു അവസ്ഥ നേരിടേണ്ടി വരുന്ന ജനങ്ങളുണ്ട്

തു രാജ്യവും ആകട്ടെ റോഡില്‍ വാഹനം ഇറക്കണമെങ്കിലും ഓടിക്കണമെങ്കിലും പെര്‍മിറ്റും ലൈസന്‍സുമൊക്കെ ആവശ്യമാണ്. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ വാഹനത്തിന് പെര്‍മിറ്റ് എടുക്കുന്നതിന് വാഹനത്തേക്കാള്‍ കൂടുതല്‍ പണം മുടക്കേണ്ടി വന്നാലോ? എന്നാല്‍ ഇങ്ങനൊരു അവസ്ഥ നേരിടേണ്ടി വരുന്ന ജനങ്ങളുണ്ട് ലോകത്ത്. ബ്ലൂബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് , സിംഗപ്പൂരിലാണ് ഈ വിചിത്രാവസ്ഥ. സിംഗപ്പൂരില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഇനി പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ വാഹനത്തിന്‍റെ വിലയേക്കാള്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സിംഗപ്പൂർ ഇന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാണ്. നിലവില്‍ ഇരുചക്രവാഹനങ്ങളാണ് ഈ രാജ്യത്തെ ഏറ്റവും ലാഭകരമായ ഗതാഗത മാര്‍ഗ്ഗം. എന്നാല്‍ പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗമായ മോട്ടോര്‍സൈക്കിള്‍ യാത്രക്ക് ഇനി കൂടുതല്‍ ചിലവേറും എന്നാണ്. പുതിയ നിയമം അനുസരിച്ച് സിംഗപ്പൂരിലെ ഒരു ഡ്രൈവര്‍ 10 വര്‍ഷത്തെ പെര്‍മിറ്റിന് 8,984 ഡോളര്‍ അതായത് ഏകദേശം 7.40 ലക്ഷം രൂപ നല്‍കണം. അതായത്, സിംഗപ്പൂരിലെ ഈ ബൈക്ക് പെര്‍മിറ്റ് ഫീസ് ഒരു പുതിയ ബൈക്കിന്റെ വിലയേക്കാള്‍ കൂടുതലാണ് എന്നാണ്. സിംഗപ്പൂരില്‍ റോഡ് പെര്‍മിറ്റ് നികുതി നാല് വര്‍ഷത്തിനുള്ളില്‍ 200 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് പുതിയ ബൈക്ക് നിരത്തിലിറക്കുന്നതിനുള്ള ചെലവ് ഉയര്‍ത്തിയത്.

ഈ ബുള്ളറ്റ് വാങ്ങാന്‍ ജനം തള്ളിക്കയറുന്നു, അമ്പരന്ന് കമ്പനി!

റോഡുകളില്‍ മോട്ടോര്‍സൈക്കിളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലൈസന്‍സിംഗ് നിയമങ്ങള്‍ മാറ്റുന്നത്. രാജ്യത്തെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനായാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കുന്നത്. അതിനുശേഷം മാത്രമേ വാഹനം നിരത്തിലിറക്കാന്‍ അനുവാദമുള്ളൂ. റിപ്പോര്‍ട്ട് പ്രകാരം 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സിംഗപ്പൂരില്‍ 1.42 ലക്ഷം ഇരുചക്ര വാഹനങ്ങളും 6.50 ലക്ഷം കാറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് സിംഗപ്പൂരില്‍ 5000 സിംഗപ്പൂര്‍ ഡോളര്‍ വിലയുള്ള ഒരു പുതിയ എന്‍ട്രി ലെവല്‍ ബൈക്ക് വാങ്ങാന്‍ ഇപ്പോള്‍ ഒരു ഉപഭോക്താവിന് 20,000 സിംഗപ്പൂര്‍ ഡോളര്‍ ചിലവാകും. അതേ സമയം, പെര്‍മിറ്റ് പുതുക്കല്‍ ഫീസ് 11,000 സിംഗപ്പൂര്‍ ഡോളറാണ്. ഇത് 10 വര്‍ഷം മുമ്പ് പെര്‍മിറ്റ് ഫീസിന്റെ ആറ് മടങ്ങാണ്. 

ഉയർന്ന വിലയുടെ നേരിട്ടുള്ള ഫലമെന്ന നിലയിൽ, സിംഗപ്പൂരിലെ നിരവധി മോട്ടോർബൈക്ക് ലീസിംഗ് കമ്പനികൾ ഉയർന്ന പെർമിറ്റ് ചെലവുകൾ നികത്താൻ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. നഗര-സംസ്ഥാനത്തെ മോട്ടോർ സൈക്കിൾ വാടകയ്ക്ക് നൽകുന്ന കമ്പനികളിലൊന്നായ ഗിഗാറൈഡർ, അതിന്റെ കോർപ്പറേറ്റ് ക്ലയന്റുകൾക്ക് 2023 ആദ്യ പാദത്തിൽ വാടക പത്ത ശതമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

അതേസമയം സര്‍ക്കാരിന്‍റെ പെര്‍മിറ്റ് ഫീസ് വര്‍ദ്ധന നീക്കം നഗര-സംസ്ഥാനങ്ങളിലെ മോട്ടോർ സൈക്കിളുകളെ മാത്രമല്ല കാറുകളെയും ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന് പ്രധാന കാരണം ഭൂമി-ദൗർലഭ്യമുള്ള രാജ്യമാണ് സിംഗപ്പൂര്‍ എന്നതാണ്. അതുകൊണ്ട് പെര്‍മിറ്റ് നിരക്ക് കുത്തനെ കൂട്ടി റോഡിൽ കാറുകൾ പരിമിതപ്പെടുത്താനാണ് നീക്കം.