Asianet News MalayalamAsianet News Malayalam

ഈ ഇരുചക്ര വാഹനങ്ങളുടെ വില കൂടും

ഈ ഇരുചക്ര വാഹനങ്ങളുടെ വില കമ്പനികള്‍ വര്‍ധിപ്പിച്ചു

Two Wheeler Price Hike
Author
Mumbai, First Published Apr 20, 2020, 12:15 PM IST

ബിഎസ് 6 ഹോണ്ട എസ്പി 125, ബിഎസ് 6 ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110, യമഹ ഫാസിനോ 125,  ബിഎസ് 6 ഹോണ്ട ആക്റ്റിവ 125, ഹോണ്ട ആക്റ്റിവ 6ജി എന്നീ ഇരുചക്ര വാഹനങ്ങളുടെ വില അതാത് കമ്പനികള്‍ വര്‍ധിപ്പിച്ചു.

ബിഎസ് 6 ഹോണ്ട എസ്പി 125 മോട്ടോര്‍സൈക്കിളിന്റെ എല്ലാ വേരിയന്റുകള്‍ക്കും 552 രൂപ വീതമാണ് വര്‍ധിച്ചത്. ഡ്രം ബ്രേക്ക് വേരിയന്റിന് 73,452 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 77,652 രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില.

യമഹ ഫാസിനോ 125 എഫ്‌ഐ സ്‌കൂട്ടറിന്റെ എല്ലാ വേരിയന്റുകള്‍ക്കും 800 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. പുതിയ 125 സിസി സ്‌കൂട്ടറിന്റെ പ്രാരംഭ വിലയിലാണ് മാറ്റം വരുത്തിയത്. 2019 ഡിസംബറില്‍ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് വില വര്‍ധിപ്പിക്കുന്നത്. ഡ്രം ബ്രേക്ക് സ്റ്റാന്‍ഡേഡ് വേരിയന്റിന് 67,230 രൂപയും ഡ്രം ബ്രേക്ക് ഡീലക്‌സ് വേരിയന്റിന് 68,230 രൂപയും ഡിസ്‌ക് ബ്രേക്ക് സ്റ്റാന്‍ഡേഡ് വേരിയന്റിന് 69,730 രൂപയും ഡിസ്‌ക് ബ്രേക്ക് ഡീലക്‌സ് വേരിയന്റിന് 70,730 രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡിസ്‌ക് ബ്രേക്ക് വേരിയന്റുകളുടെ മുന്‍ ചക്രത്തില്‍ മാത്രമാണ് ഡിസ്‌ക് നല്‍കുന്നത്.

ഇതിനകം വിപണി വിട്ട 110 സിസി യമഹ ഫാസിനോയുടെ പിന്‍ഗാമിയാണ് പുതിയ ഫാസിനോ 125. സ്‌കൂട്ടറിന് കരുത്തേകുന്നത് 125 സിസി, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 8 ബിഎച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ബിഎസ് 6 ആക്റ്റിവ 125, ആക്റ്റിവ 6ജി സ്‌കൂട്ടറുകളുടെ വിലയും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) വര്‍ധിപ്പിച്ചു. എല്ലാ വേരിയന്റുകള്‍ക്കും 552 രൂപ വീതമാണ് വര്‍ധന. ബിഎസ് 6 ആക്റ്റിവ 125 സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് 68,042 രൂപയും അലോയ്/ഡ്രം വേരിയന്റിന് 71,542 രൂപയും അലോയ്/ഡിസ്‌ക് വേരിയന്റിന് 75,042 രൂപയുമാണ് ഇപ്പോള്‍ ദില്ലി എക്‌സ് ഷോറൂം വില. ആക്റ്റിവ 6ജി സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 64,464 രൂപയും ഡീലക്‌സ് വേരിയന്റിന് 65,964 രൂപയുമാണ് വില. ബിഎസ് 6 പാലിക്കുന്ന ആക്റ്റിവ 125 സ്‌കൂട്ടര്‍ 2019 സെപ്റ്റംബറിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ആക്റ്റിവ 6ജി പുറത്തിറക്കി.

ബിഎസ് 6 ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 മോട്ടോര്‍സൈക്കിളിന് 2,200 രൂപയാണ് വര്‍ധിപ്പിച്ചത്. മുന്നില്‍ സ്റ്റാന്‍ഡേഡ് ഡിസ്‌ക് ബ്രേക്കുമായി ഒരേയൊരു വേരിയന്റില്‍ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ലഭിക്കുന്നത്. ഇപ്പോള്‍ 67,100 രൂപയാണ് എക്‌സ് ഷോറൂം വില. ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ബിഎസ് 6 മോഡല്‍ 2019 നവംബറിലാണ് വിപണിയിലെത്തിച്ചത്.

Follow Us:
Download App:
  • android
  • ios