യുവതികളും യുവാവും ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു
ചെന്നൈ: യുവതികളും യുവാവും ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ നഗരത്തില്‍ ഇന്നുരാവിലെയായിരുന്നു അപകടം. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ചെന്നൈ നന്ദാനം ദേശീയപാതയില്‍ വൈഎംസിഎക്ക് സമീപം ഇന്നു രാവിലെ 8.50നായിരുന്നു അപകടം. എഞ്ചിനീയര്‍മാരും ആന്ധ്രപ്രദേശ് സ്വദേശികളുമായ ശിവ, ഭവാനി, നാഗലക്ഷ്‍മി എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍.
ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി ഉരസിയ ശേഷം അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന തമിഴ്‍നാട് സര്‍ക്കാര്‍ ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ഭവാനിയും നാഗലക്ഷ്‍മിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവ ആശുപത്രിയിലാണ്. ഇരുപതുകാരനായ ശിവയാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവി വീഡിയോയില്‍. ബസിനെ ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് വീഡിയോ വ്യക്തമാക്കുന്നു. സ്ഥലപരിമിതി മൂലം ബൈക്ക് മറ്റൊരു ബൈക്കില്‍ ഉരസുന്നതും നിയന്ത്രണം വിട്ട് ബസിനു മുന്നിലേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം. കഷ്‍ടിച്ച് ബാലന്‍സ് വീണ്ടെടുക്കാന്‍ സാധിച്ചതിനാല്‍ മറ്റേ ബൈക്കിലെ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ബസ് ഡ്രൈവര്‍ ഗുണശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
