റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റ് ഓടിക്കുന്ന യുവതിയുടെ ചുമലില്‍ ഇരിക്കുന്ന മറ്റൊരു യുവതിയുടെ ദൃശ്യം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്

ഗാസിയാബാദ്: സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ പൊതുനിരത്തില്‍ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവതികള്‍ക്ക് വന്‍തുക പിഴ ശിക്ഷ. റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റ് ഓടിക്കുന്ന യുവതിയുടെ ചുമലില്‍ ഇരിക്കുന്ന മറ്റൊരു യുവതിയുടെ ദൃശ്യം കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലെ താരമായ ശിവാംഗി ദാബാസും ഗുസ്തി താരമായ സ്നേഹ രഘുവംശിയുമാണ് വീഡിയോയിലുള്ള യുവതികള്‍. ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് റോഡിലൂടെ വാഹനമോടിച്ചതിനാണ് ഇവര്‍ക്ക് പിഴ ശിക്ഷ.

ഗാസിയാബാദിലെ റോഡിലൂടെയായിരുന്നു വൈറല്‍ പ്രകടനം. ശനിയാഴ്ചയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. 28000 രൂപയാണ് വിവിധ വകുപ്പുകള്‍ അനുസരിച്ച് ഇവര്‍ക്ക് പിഴയിട്ടിരിക്കുന്നത്. 11000 രൂപ സ്നേഹ രഘുവംശിയ്ക്കും 17000 രൂപ വൈറല്‍ പ്രകടനത്തിനായി ബൈക്ക് നല്‍കിയ സഞ്ജയ് കുമാറിനുമാണ് പിഴയിട്ടിരിക്കുന്നത്.

ലേണേഴ്സ് ലൈസന്‍സ് അടുത്തിടെയാണ് യുവതികള്‍ക്ക് ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഗാസിയാബാദ് ട്രാഫിക് പൊലീസ് വീഡിയോ ശ്രദ്ധിക്കുന്നത്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, പൊതുവിടങ്ങളില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുക, അനുമതി കൂടാതെയുള്ള അഭ്യാസ പ്രകടനം, വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കല്‍, മൂന്ന് പേരെ ഇരുത്തി ഇരുചക്രവാഹനം ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

View post on Instagram

എന്നാല്‍ തമാശയ്ക്കായി വാഹനങ്ങളില്ലാത്ത റോഡിലാണ് അഭ്യാസ പ്രകടനം നടത്തിയതെന്നാണ് ശിവാംഗി പറയുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോ ഇത്തരമൊരു കുരുക്കിലാക്കുമെന്ന് കരുതിയില്ലെന്നാണ് ശിവാംഗി പ്രതികരിക്കുന്നത്.