ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ബൈക്കിന്റെ നിര്‍മ്മാണം

രാജ്യത്തെ ആദ്യത്തെ ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്കായ അള്‍ട്രാവയലെറ്റ് F77 നവംബര്‍ 13ന് അവതരിപ്പിക്കും. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ അള്‍ട്രാവയലെറ്റ് ഓട്ടോമോട്ടീവാണ് ബൈക്കിനു പിന്നില്‍. ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ബൈക്കിന്റെ നിര്‍മ്മാണമെന്ന് കമ്പനി അവകാശപ്പെടുന്നു. 

കരുത്തന്‍ സ്‌പോര്‍ട്‌സ് ബൈക്കുകളോട് കിടപിടിക്കുന്ന രൂപഘടനയാണ് സ്‌ട്രെല്ലീസ് ഫ്രെയ്‍മില്‍ നിര്‍മ്മിക്കുന്ന ഈ ബൈക്കുകള്‍ക്ക്. ഉയര്‍ന്ന പെര്‍ഫോമെന്‍സ് നല്‍കുന്നതിനൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. 

നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളുള്ള സ്മാര്‍ട്ട് കണക്റ്റഡ് ഇലക്ട്രിക് ബൈക്കാണിത്. റൈഡ് ടെലിമാറ്റിക്‌സ്, റിമോട്ട് ഡയക്‌നോസിസ്, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്‌സ്, റീജനറേറ്റീവ് ബ്രേക്കിങ്, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍, റൈഡ് അനലക്റ്റിക്‌സ്, ബൈക്ക് ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ടാകും.

24 kW ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്‍റെ ഹൃദയം. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 2.7 സെക്കന്‍ഡ് മാത്രം മതിയാകും. ഇന്‍സാന്‍, സ്‌പോര്‍ട്ട്, ഇക്കോ എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളിലാവും വാഹനം എത്തുക. സാധാരണ ബൈക്കുകളിലെ എന്‍ജിന്റെ സ്ഥാനത്താണ് ഇതിലെ ബാറ്ററി പാക്ക്. അതേസമയം ബാറ്ററി റേഞ്ച് സംബന്ധിച്ച സൂചനയെന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബൈക്ക് 2020 ഓടെ ഈ ബൈക്ക് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.