പാതയോരത്തെ ട്രാഫിക് ബോര്‍ഡുകള്‍ ശുചീകരിച്ച് ഡ്രൈവര്‍മാരുടെ കാഴ്‍ച മെച്ചപ്പെടുത്തി വേറിട്ട പരിപാടിയുമായി കണ്ണൂരിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മോട്ടോർ വാഹനവകുപ്പ് കണ്ണൂർ എൻഫോഴ്‍സ്‍മെന്‍റ്  വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. പിലാത്തറ പഴയങ്ങാടി കെ എസ് ടി പി റോഡിലായിരുന്നു അൺ മാസ്‍കിംഗ് ദ സൈൻ ബോർഡ് എന്ന ഈ വേറിട്ട ശുചീകരണം.

പിലാത്തറ മുതൽ ഇരിണാവ് വരെയുള്ള റോഡിലെ കാഴ്‍ച മറക്കുന്നതരത്തിലുള്ള വള്ളിപ്പടർപ്പുകളും മരക്കൊമ്പുകളും വെട്ടിമാറ്റി അപകട സാധ്യതകൾ കുറച്ചു. പിലാത്ത പാപ്പിനിശേരി റോഡിലൂടെ ഉള്ള യാത്രയിൽ ഏഴ് കിലോമീറ്റർ കുറവുള്ളതിനാലും റോഡ് സംസ്ഥാന പാതാ നിലവാരത്തിലേക്ക് നവീകരിച്ചതതിനാലും നാഷണൽ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കി ദീർഘ ദൂരയാത്രക്കാരും കെഎസ് ടി പി റോഡ് യാത്രക്കായി തെരഞ്ഞെടുക്കുന്നതിനാൽ റോഡിലെ വാഹന സാന്ദ്രത കൂടി വരികയാണ്. ഇത് അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ മൂന്നു വർഷത്തെ ഈ റോഡിലെ അപകടങ്ങളെക്കുറിച്ച് പഠിച്ച് അപകട മരണ നിരക്കുകള്‍ കുറക്കുന്നതിനുള്ള നിർദ്ദേശം പി ഡ ബ്ല്യു ഡി റോഡ് ഡിവിഷന് കണ്ണൂർ ജില്ല ആർടി ഒ എൻഫോഴ്സ്മെന്റ് നൽകിയിരുന്നു. പരിപാടിയില്‍ മോട്ടോര്‍വാഹനവകുപ്പിനൊപ്പം ജെസീസ് പയ്യന്നൂരും പിലാത്തറ കോ ഓപറേറ്റീവ് കോളേജ് എൻ എസ് എസ് യൂണിറ്റും പങ്കെടുത്തു. തുടർന്നും സാമുഹ്യ പ്രതിബദ്ധതയുള്ള ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നൽകി.

അൺ മാസ്‍ക് സൈൻ ബോർഡ് പ്രോഗ്രാം ടി വി രാജേഷ് എംഎൽഎ ഉദ്‍ഘാടനം ചെയ്‍തു. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ  പ്രമോദ് ഒ, എംവിഐ പ്രേമരാജൻ കെ വി തുടങ്ങിയവർ നേതൃത്വം നല്‍കി.