ഒരു വഴിക്ക് പോകാനിറങ്ങിയതാണ്. പക്ഷേ വണ്ടിയൊന്നും കിട്ടിയില്ല. എന്തു ചെയ്യും? ഈ പ്രതിസന്ധിയില്‍ തെലങ്കാന സ്വദേശിയായ ഒരു യുവാവ് ചെയ്‍ത കാര്യമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

യാത്ര ചെയ്യാന്‍ മറ്റ് മാര്‍ഗ്ഗം ഇല്ലാതെ വന്നപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് യുവാവ് കടക്കുകയായിരുന്നു. തെലങ്കാനയിലെ വികാരാബാദില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

തണ്ടൂര്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസാണ് യുവാവ് തട്ടിയെടുത്തത്. ലക്ഷ്യസ്ഥാനത്ത് എത്തിയതിനു പിന്നാലെ ബസ് ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയും ചെയ്തു. ബസ് സ്‌റ്റേഷനിലെ ജീവനക്കാരനാണ് ഇയാള്‍ എന്നാണ് വിവരം.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നുമാണ് വികാരാബാദ് പൊലീസ് വ്യക്തമാക്കി.