Asianet News MalayalamAsianet News Malayalam

ഇനി നിറം വെള്ളയും പേര് 'ടൂറിസ്റ്റ്' എന്നും മാത്രം; എട്ടിന്‍റെ പണി ചോദിച്ച് വാങ്ങി ടൂറിസ്റ്റ് ബസുകള്‍!

സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മാര്‍ച്ച് മാസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും

Uniform colour for tourist buses in Kerala
Author
Trivandrum, First Published Jan 30, 2020, 11:57 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ അഥവാ കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ വക എട്ടിന്‍റെ പണി. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്‍ ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സപോര്‍ട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം. 

Uniform colour for tourist buses in Kerala

ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ഈ നടപടി. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിച്ചിരുന്നത്.  ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്.  ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്‍ടിഎ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Uniform colour for tourist buses in Kerala

സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതേ മാതൃകയില്‍ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കും യൂണീഫോം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.  ടൂറിസ്റ്റ് ബസുകള്‍ക്ക് ഒരൊറ്റ നിറമാണ് പരിഗണിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിന്‍വശത്ത് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതാം. ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്ട് കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. 

Uniform colour for tourist buses in Kerala

സ്‍കൂളിലെ വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‍കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും അടുത്തിടെ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.  ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഈ ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക  പരാതിയാണ് ഉയരുന്നത്. 

സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളുമൊക്കെയാണ് പല ടൂറിസ്റ്റ് ബസുകളുടെ ബോഡിയില്‍ നിറയെ. ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ മുന്നോട്ടുവരുമ്പോള്‍ അതിനെയൊക്കെ പരസ്യമായി വെല്ലുവിളിക്കുന്ന ബസുടമകളെയും ജീവനക്കാരെയും അടുത്തിടെ കണ്ടു വരുന്നുണ്ട്.  ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

Uniform colour for tourist buses in Kerala

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങള്‍. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ തന്നെ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 

Uniform colour for tourist buses in Kerala

Follow Us:
Download App:
  • android
  • ios