താന്‍ മന്ത്രിക്കസേരയില്‍ ഇരുക്കുന്നിടത്തോളം കാലം ഇന്ത്യയില്‍ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ എത്തില്ലെന്ന്  കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി. ഓട്ടോമൊബൈല്‍ അസോച്ചം മീറ്റിങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കാനാവില്ല. വാഹന മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങളും ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പലപ്പോഴും നേരിടുന്ന ചോദ്യമാണ് ഇന്ത്യയില്‍ എപ്പോള്‍ ഡ്രൈവറില്ലാതെ ഓടുന്ന വാഹനം എത്തുമെന്നത്. എന്നാല്‍, ഞാന്‍ ഗതാഗത മന്ത്രി ആയിരിക്കുമ്പോള്‍ അതുണ്ടാവില്ലെന്നാണ് എന്റെ മറുപടി. അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യ ഇപ്പോള്‍ വാഹന സ്‌ക്രാപേജ് പോളിസി നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും ഈ പോളിസി നടപ്പായാല്‍ നിര്‍മാണ ചെലവ് 100 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഇ-വാഹനങ്ങളിലും ഓട്ടോമൊബൈല്‍ നിര്‍മാണത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവറില്ലാ കാറുകള്‍ക്കെതിരെ നേരത്തെയും നിതിന്‍ ഗഡ്‍കരി രംഗത്തു വന്നിരുന്നു.