Asianet News MalayalamAsianet News Malayalam

പുതിയ മോഡലുകളുമായി സിട്രണ്‍

2022 -ല്‍ ആയിരിക്കും മോഡലിന്റെ അരങ്ങേറ്റം. നിലവിൽ ഇന്ത്യൻ വിപണിക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന CC21 ചെറിയ എസ്‌യുവിയെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഇലക്ട്രിക് വാഹനം. 

Upcoming Citroen Cars India
Author
Mumbai, First Published Oct 14, 2020, 4:33 PM IST

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യയിലെത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. ഇതിനിടെ മറ്റൊരു മോഡലിനെ കൂടി ഇന്ത്യന്‍ നിരത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് എസ്‌യുവി (കോഡ്‌നാമം eCC21) വികസിപ്പിക്കുന്നുവെന്നാണ് ഇന്‍ഡ്യ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 -ല്‍ ആയിരിക്കും മോഡലിന്റെ അരങ്ങേറ്റം. നിലവിൽ ഇന്ത്യൻ വിപണിക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന CC21 ചെറിയ എസ്‌യുവിയെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഇലക്ട്രിക് വാഹനം. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ചാണ് കാർ യൂറോപ്പിൽ നിർമ്മിക്കുന്നത്.

ചെറിയ ഇലക്ട്രിക് എസ്‌യുവിക്ക് പുറമേ, സിട്രണ്‍ ഇന്ത്യയ്ക്കായി ഒരു ഫ്ലക്സ്-ഫ്യൂവല്‍ കാര്‍ വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എഥനോള്‍-മിശ്രിത പെട്രോള്‍ ഇത് ഉപയോഗിക്കും. ഫ്‌ലെക്‌സ്-ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ചെറിയ എസ്‌യുവി 2021-ന്റെ പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിൽ പ്രവര്‍ത്തിക്കുന്നത്. ഇത് 27 ശതമാനം എത്തനോള്‍ മിശ്രിതത്തിലോ പൂര്‍ണ്ണമായും ജൈവ ഇന്ധനത്തിലോ പ്രവര്‍ത്തിപ്പിക്കും. ഏകദേശം 8 ലക്ഷം രൂപയോളം വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ മഹീന്ദ്ര eKUV100, റെനോ ക്വിഡ് ഇവി തുടങ്ങിയവരായിരിക്കും eCC21ന്‍റെ മുഖ്യ എതിരാളികള്‍. 

അതേസമയം സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമ്മാണം തമിഴ് നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി സികെ ബിർള ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിലാണ് സിട്രോൺ ബ്രാൻഡിലുള്ള വാഹനങ്ങൾ നിർമ്മിക്കുക. പ്രധാന ഭാഗങ്ങളെല്ലാം ഇറക്കുമതി ചെയ്തു ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന കംപ്ലീറ്റ്ലി നോക്ക്‍ഡ് ഡൗൺ രീതിയിലാണ് സി5 എയർക്രോസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. പിന്നീട് കൂടുതൽ വാഹന ഭാഗങ്ങൾ ഇന്ത്യയിൽ നിന്നും സോഴ്സ് ചെയ്യും. 

പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കാണ് C5 എയര്‍ക്രോസ് അവതരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വലിയ ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ലെതറില്‍ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവ ഉള്‍പ്പെട ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് ഒരുങ്ങുന്നത്.

ഒപ്പം സിട്രോൺ ബെർലിംഗോ എന്ന എംപിവിയും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ബെര്‍ലിംഗോ പ്രീമിയം എംപിവി ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സിട്രോൺ ബെർലിങ്കോ ബോക്‌സി ഡിസൈനുള്ള ഒരു യഥാർത്ഥ എംപിവി മോഡൽ ആണ്. 4.4 മീറ്റർ നീളമുള്ള ബെർലിങ്കോ, 4.75 മീറ്റർ നീളമുള്ള ബെർലിങ്കോ എക്‌സ്എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ആഗോള വിപണിയിൽ ബെർലിങ്കോയുള്ളത്. ഇതിൽ നീളം കൂടിയ മോഡൽ ആണ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍. 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും വാഹനത്തിന്‍റെ ഹൃദയം. 

Follow Us:
Download App:
  • android
  • ios