മാരുതി സുസുക്കി അതിന്റെ 1.5 ലിറ്റർ ബിഎസ്6 ഡീസൽ എഞ്ചിൻ പൂര്‍ണ്ണമായും ഉപേക്ഷിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍

2020 ഏപ്രിൽ മാസത്തില്‍ രാജ്യത്ത് ബിഎസ്‌6 മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ മാരുതി സുസുക്കി അതിന്‍റെ എല്ലാ ഡീസൽ വേരിയന്റുകളും നിർത്തലാക്കിയിരുന്നു. എന്നാല്‍ ഐതിഹാസികമായ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വീണ്ടും അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നതായി അടുത്തിടെ പല ഊഹാപോഹങ്ങളും ഉയർന്നിരുന്നു. ബിഎസ്‌ 6 നിലവാരത്തില്‍ ഈ എഞ്ചിന്‍ എത്തുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. മാരുതി XL6, എർട്ടിഗ, വിറ്റാര ബ്രെസ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങള്‍ ഈ ഡീസൽ എഞ്ചിനുമായി എത്തിയേക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 

എന്നാല്‍ മാരുതി സുസുക്കി അതിന്റെ 1.5 ലിറ്റർ ബിഎസ്6 ഡീസൽ എഞ്ചിൻ പൂര്‍ണ്ണമായും ഉപേക്ഷിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിക്ഷേപ പ്രശ്‍നങ്ങളും വരുമാനവും ചൂണ്ടിക്കാട്ടി ഡീസൽ എൻജിനുകൾ നിർത്തലാക്കാൻ തീരുമാനിച്ചത് മാരുതിയുടെ സഹപ്രവര്‍ത്തകരായ സുസുക്കി മോട്ടോർ കോർപ്പറേഷനാണെന്നാണ് റിപ്പോർട്ടുകൾ. ഡീസൽ വില വർധനയും ബ്രാൻഡ് ഇലക്ട്രിക് വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ പദ്ധതി ഉപേക്ഷിക്കുന്നതിനു പിന്നിലെ മറ്റ് കാരണങ്ങൾ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2021 സാമ്പത്തിക വർഷത്തിൽ, ഡീസൽ വില ലിറ്ററിന് 18.58 രൂപ വർധിച്ചു. മാത്രമല്ല, ഡീസലിന്റെയും പെട്രോളിന്റെയും വില തമ്മിലുള്ള വ്യത്യാസം ഗണ്യമായി കുറഞ്ഞു എന്നതും കമ്പനിയെ പിനന്നോട്ടടിപ്പിക്കുന്നതായാണ് സൂചനകള്‍.

ഇലക്ട്രിക് വാഹനങ്ങളും ഇതര ഇന്ധനങ്ങളുടെ പ്രചാരവും വർധിക്കുന്നത് ഡീസൽ എഞ്ചിൻ ഉപേക്ഷിക്കുന്നതിനുള്ള ഒരു കാരണമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സുസുക്കി മോട്ടോർ കോർപ്പറേഷൻ ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് തന്ത്രം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി ശക്തമായ ഹൈബ്രിഡുകൾ അവതരിപ്പിക്കും, കൂടാതെ 2025 -ഓടെ ആദ്യത്തെ ഇലക്ട്രിക് വാഹനവും പുറത്തിറക്കും. 2023 അവസാനത്തോടെ രാജ്യത്ത് അഞ്ച് പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ പുറത്തിറക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കമ്പനി രണ്ടാം തലമുറ വിറ്റാര ബ്രെസ, ഇന്ത്യയിൽ നിർമ്മിച്ച ജിംനി അഞ്ച്-ഡോർ മോഡൽ, പുതിയ മിഡ്-സൈസ് എസ്‌യുവി എന്നിവ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവയിലൊന്നും ഡീസല്‍ എഞ്ചിന്‍ പരീക്ഷിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona