2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനിനൊപ്പം ഗണ്യമായി പരിഷ്‌കരിച്ച സ്റ്റൈലിംഗും ഇന്‍റീരിയറും നൽകും.

നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുൾപ്പെടെ നിലവിലുള്ള എസ്‌യുവി ലൈനപ്പിന് ഒരു വലിയ മേക്ക് ഓവർ നൽകാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഈ മോഡലുകൾ ഇന്ത്യൻ റോഡുകളിൽ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനിനൊപ്പം ഗണ്യമായി പരിഷ്‌കരിച്ച സ്റ്റൈലിംഗും ഇന്‍റീരിയറും നൽകും.

2023ലെ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച പുതിയ 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് 2023 ടാറ്റ നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിക്ക് ലഭിക്കുക. ഈ എഞ്ചിൻ പുതിയ കര്‍വ്വ് എസ്‍യുവി കൂപ്പെയ്ക്കും കരുത്ത് പകരും. അത് 2024-ൽ വിൽപ്പനയ്‌ക്ക് എത്തും. ടർബോ പെട്രോൾ എഞ്ചിൻ 125PS പവറും 225Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്‌സ് മുൻ ചക്രങ്ങളിലേക്ക് കരുത്ത് പകരും. നിലവിലെ മോഡൽ എഎംടി യൂണിറ്റിനൊപ്പം ലഭ്യമാണ്. പുതിയ മോഡലിന് പുതിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കാനാണ് സാധ്യത എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നിലവിൽ ആൾട്രോസ് ഹാച്ച്ബാക്കിലാണ് ഡിസിഎ വാഗ്ദാനം ചെയ്യുന്നത്. ഡിസിഎ ലോകത്തിലെ ആദ്യത്തെ പ്ലാനറ്ററി ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നതാണെന്ന് അവകാശപ്പെടുന്നു. ടാറ്റയുടെ ഡിസിഎ വളരെ ഒതുക്കമുള്ളതാണെന്നും പരമ്പരാഗത ഡിസിറ്റിയേക്കാൾ 35 ശതമാനം കുറവ് ഘടകങ്ങൾ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത ഡിസിടിയിലെ രണ്ട് അല്ലെങ്കില്‍ മൂന്നില്‍ നിന്ന് വ്യത്യസ്‍തമായി ഇതിന് ഒരു ലേഷാഫ്റ്റ് ആണുള്ളത്. പരമ്പരാഗത ഡിസിടിയിലെ 20 ഗിയറുകൾക്ക് പകരം പ്ലാനറ്ററി ഗിയർ സിസ്റ്റമുള്ള 13 ഗിയറുകളാണ് ഗിയർബോക്‌സിനുള്ളത്. കുറഞ്ഞ ചലിക്കുന്ന ഭാഗങ്ങൾക്കൊപ്പം മികച്ച ഷിഫ്റ്റ് നിലവാരവും പുതിയ ഡിസിഎ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

മാനുവൽ, എഎംടി എന്നിവയുള്ള അതേ 110 ബിഎച്ച്പി, 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനിലാണ് ഡീസൽ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. 2023 ടാറ്റ നെക്‌സോൺ കര്‍വ്വ് എസ്‍യുവി കൺസെപ്റ്റിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടുമെന്ന് പുറത്തു വന്ന ചില ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇത് പുതിയ ഫ്രണ്ട് ആൻഡ് റിയർ സ്റ്റൈലിംഗിൽ വരും. പുതിയ ഗ്രില്ലും പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും മുൻവശത്തെ വീതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റ് ബാറും എസ്‌യുവിയിൽ വരും.

പുതിയ 2-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ ഫീച്ചർ ചെയ്യുന്ന ഇന്റീരിയർ ഗണ്യമായി പരിഷ്‌ക്കരിച്ചാണ് പുതിയ മോഡൽ വരുന്നത്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് ഈ മോഡല്‍ വരുന്നത്.