അത്യാധുനിക അമേരിക്കന്‍ നിര്‍മ്മിത എഫ്-18 സൂപ്പർ ഹോണെറ്റ് വിമാനങ്ങൾ സ്വന്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐയും യൂറേഷ്യന്‍ ടൈംസ് ഡോട്ട് കോമുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

വിമാനവാഹനി കപ്പലുകളിൽനിന്ന് പറത്താവുന്ന വിമാനങ്ങളാണ് എഫ്-18 സൂപ്പർ ഹോണെറ്റ് വിമാനങ്ങൾ.  രണ്ട് എൻജിനുകളുള്ള ഈ എഫ്-18 വിമാനങ്ങൾക്ക് കരയിൽനിന്നും വിമാനവാഹിനിക്കപ്പലിൽനിന്നും ഒരുപോലെ ശത്രുവിനെ ലക്ഷ്യമാക്കി കുതിക്കാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പാകിസ്ഥാന്റെ കൈവശമുള്ള ഒറ്റ എൻജിനുള്ള എഫ്-16 അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കരയിൽനിന്നുമാത്രമാണ് പറന്നുയരാനാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-പസഫിക് മേഖലയിൽ ചൈനയുടെ മേധാവിത്വം ഒഴിവാക്കാൻ ഇന്ത്യൻ നാവികസേനയുടെ ശക്തി വർധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രമാദിത്യയിലും ഇപ്പോൾ നിർമാണത്തിലുള്ള തദ്ദേശീയ കപ്പലിലും ഉപയോഗിക്കാനായി 57 എഫ്-18 വിമാനങ്ങൾ അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽനിന്നു വാങ്ങാൻ മൂന്നുവർഷംമുമ്പ് ഇന്ത്യ നീക്കം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ബോയിങ് എഫ്-18 സൂപ്പർ ഹോണെറ്റ് പോർവിമാനം നിർമിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി 2017 നവംബറിൽ ചർച്ചയും നടത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.